ഷാർജ∙ ഷാർജയിൽ ഡ്രോണുകളുടെ ഉപയോഗവും അനുബന്ധ മേഖലകളും ക്രമീകരിക്കുന്നതിനായി പുതിയ നിയമം പ്രഖ്യാപിച്ചു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഏത് തരത്തിലുള്ള നിയന്ത്രണ സംവിധാനമുള്ളതോ, ഏത് ആവശ്യത്തിന് ഉപയോഗിക്കുന്നതോ ആയ ഡ്രോണുകൾക്കും ഈ ഏകീകൃത നിയമം ബാധകമായിരിക്കും.
ഫ്രീ സോണുകൾ, പ്രത്യേക വികസന മേഖലകൾ എന്നിവയുൾപ്പെടെ ഷാർജയുടെ എല്ലാ അതിർത്തികളിലും പുതിയ നിയമം പ്രാബല്യത്തിലുണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വേണ്ടി ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നവർക്കും ഇത് ബാധകമാണ്. എന്നാൽ സൈനിക, സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഡ്രോണുകളെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനുപുറമെ പൊതുതാൽപര്യം മുൻനിർത്തി സിവിൽ ഏവിയേഷൻ മേധാവിക്ക് പ്രത്യേക ഇളവുകൾ നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
രാജ്യത്ത് ഡ്രോൺ ഉപയോഗിക്കുന്നവർ ഫെഡറൽ നിയമങ്ങൾക്ക് പുറമെ, അവർ താമസിക്കുന്ന അതത് എമിറേറ്റുകളിലെ പ്രാദേശിക നിയമങ്ങളും കർശനമായി പാലിക്കേണ്ടതുണ്ടെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കുന്നു. മുൻപ് ചില നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 2022-ൽ യുഎഇയിൽ ഡ്രോണുകൾക്കും ലൈറ്റ് സ്‌പോർട്‌സ് വിമാനങ്ങൾക്കും താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നീട് കർശനമായ റജിസ്ട്രേഷൻ, ലൈസൻസിങ് വ്യവസ്ഥകളോടെയാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്.
നിലവിൽ വാണിജ്യ, വിനോദ ആവശ്യങ്ങൾക്കായി ഡ്രോൺ ലൈസൻസിന് അപേക്ഷിക്കാൻ ജിസിഎഎ ഏകീകൃത പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുണ്ട്. യുഎഇയിലെ താമസക്കാർക്കാണ് ഇപ്പോൾ ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. വരും ദിവസങ്ങളിൽ വിനോദസഞ്ചാരികൾക്കും ഡ്രോൺ ലൈസൻസിന് അപേക്ഷിക്കാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് അധികൃതർ സൂചന നൽകി. വാണിജ്യ, വ്യവസായ, വിനോദ മേഖലകളിൽ ഡ്രോണുകളുടെ ഉപയോഗം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഷാർജയുടെ ഈ പുതിയ സുരക്ഷാ മുൻകരുതൽ.
