ദുബായ്: അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം നിരവധി പേരുടെ മരണത്തിന് കാരണമായ എയർ ഇന്ത്യ വിമാനാപകടത്തിൽ അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടും ഇന്ത്യൻ റിപ്പബ്ലിക്കിനോടും യുഎഇ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
വിദേശകാര്യ മന്ത്രാലയം (MoFA) പുറത്തിറക്കിയ പ്രസ്താവനയിൽ, ഈ ദാരുണമായ സംഭവത്തിൽ ഇരകളുടെ കുടുംബങ്ങൾക്കും ഇന്ത്യൻ സർക്കാരിനും അവിടുത്തെ ജനങ്ങൾക്കും അഗാധമായ അനുശോചനവും സഹതാപവും അറിയിച്ചു. ദുരന്തത്തിൽ വേദനിക്കുന്ന ഇന്ത്യക്കൊപ്പം യുഎഇ എന്നും നിലകൊള്ളുമെന്ന് പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ 171 വിമാനം പറന്നുയർന്ന ഉടൻ തകർന്നു വീഴുകയായിരുന്നു. ഉച്ചയ്ക്ക് 1.39 നായിരുന്നു വിമാനം അഹമദാബാദിൽനിന്ന് ടേക്ക് ഓഫ് ചെയ്തത്. വിമാനം ടെയ്ക്ക് ഓഫ് ചെയ്ത ഉടൻ പൈലറ്റ് ‘മെയ് ഡേ’ അപായ സിഗ്നൽ എയർ ട്രാഫ്ക് കൺട്രോളിന് കൈമാറിയതായാണ് വിവരം. പിന്നീട് വിമാനവുമായി ആശയവിനിമയം നഷ്ടപ്പെട്ടതായും എടിസി അറിയിച്ചു. പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.
UAE Stands With India, Condoles Over Plane Crash Victims