യുഎഇ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ മറ്റൊരാളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങള്‍ നടത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് വീണ്ടും ഓർമ്മിപ്പിച്ചിരിക്കുകയാണ് യുഎഇ കോടതി.
യുവാവിന്റെ അന്തസ്സിനും പ്രശസ്തിക്കും കളങ്കമുണ്ടാക്കുന്ന തരത്തില്‍ നിന്ദ്യമായ ഭാഷ ഉപയോഗിച്ച വ്യക്തിക്ക് 20,000 ദിർഹം (ഏതാണ്ട് നാലര ലക്ഷത്തിലധികം ഇന്ത്യൻ രൂപ) നഷ്ട പരിഹാരം നല്‍കാൻ അബൂദബി ഫാമിലി, സിവില്‍, അഡ്മിനിസ്ട്രേറ്റീവ് കേസസ് കോടതി ഉത്തരവിട്ടു.
സോഷ്യല്‍ മീഡിയയിലൂടെ പ്രതി തന്നെ പരസ്യമായി അപമാനിച്ചുവെന്നും ഇത് തന്റെ സാമൂഹികമായ പദവിയെയും പ്രശസ്തിയെയും ബാധിച്ചുവെന്നും കാണിച്ച് പരാതിക്കാരൻ സിവില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരവും കേസ് നടത്തിപ്പിനായി ചെലവായ തുകയും നല്‍കണമെന്നായിരുന്നു ആവശ്യം.
അപമാനകരമായ പോസ്റ്റ് തന്റെ സാമ്പത്തിക നിലയെ ബാധിച്ചുവെന്നും നിയമ നടപടികള്‍ക്കായി യുഎഇയിലേക്ക് യാത്ര ചെയ്യേണ്ടി വന്നുവെന്നും പരാതിക്കാരൻ കോടതിയെ ബോധിപ്പിച്ചു.
കേസ് നേരത്തെ ക്രിമിനല്‍ കോടതി പരിഗണിച്ചിരുന്നു. അന്ന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 5,000 ദിർഹം പിഴയും പരാതിക്കാരന് താല്‍ക്കാലിക നഷ്ട പരിഹാരമായി 5,000 ദിർഹം നല്‍കാനും ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരൻ സിവില്‍ കോടതിയെ സമീപിച്ചത്.
വിവര സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്ത് മറ്റൊരാളെ അപകീർത്തിപ്പെടുത്തുന്നത് ഗൗരവകരമായ കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. ക്രിമിനല്‍ കോടതിയുടെ വിധി പ്രതിയുടെ തെറ്റ് ശരിവെക്കുന്നതാണെന്ന് സിവില്‍ കോടതി വ്യക്തമാക്കി.
തുടർന്ന് കുറ്റകൃത്യത്തിന്റെ സ്വഭാവം, പരാതിക്കാരൻ അനുഭവിച്ച മാനസിക വിഷമം, നാശനഷ്ടങ്ങള്‍ എന്നിവ കണക്കിലെടുത്ത് 20,000 ദിർഹം അന്തിമ നഷ്ടപരിഹാരമായി നിശ്ചയിക്കുകയായിരുന്നു.
പരാതിക്കാരൻ ആവശ്യപ്പെട്ട ഉയർന്ന തുക കോടതി നിരസിച്ചുവെങ്കിലും, അനുവദിച്ച തുക ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരമാകുമെന്ന് കോടതി വിലയിരുത്തി.

