കുവൈത്ത്: കുവൈത്ത് അമീറിനെയും രാജ്യത്തെയും സോഷ്യല്‍ മീഡിയ വഴി അപമാനിച്ച കേസില്‍ ഒരാള്‍ക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു.
ഭരണകൂടത്തെയും കോടതിയേയും അധിക്ഷേപിച്ചതിനും ദേശീയ പതാകയെ അപമാനിച്ചതിനുമാണ് പരമോന്നത കോടതി കഠിനതടവ് വിധിച്ചത്. സ്മാർട്ട് ഫോണ്‍ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ നടത്തിയതായും കോടതി കണ്ടെത്തിയിട്ടുണ്ട്.
2023 ഒക്ടോബർ 30 മുതല്‍ ഡിസംബർ 17 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ പോസ്റ്റുകള്‍ പ്രതി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. എക്സ്, സ്‌നാപ്ചാറ്റ് എന്നീ പ്ലാറ്റ്ഫോമുകള്‍ വഴി വീഡിയോകളും സന്ദേശങ്ങളും ഇയാള്‍ പങ്കുവെച്ചിരുന്നു.
യുണൈറ്റഡ് അറബ് എമിറേറ്റ്സിനെതിരായ ശത്രുതാപരമായ പരാമർശങ്ങള്‍ വഴി കുവൈത്തിന്റെ നയതന്ത്ര ബന്ധങ്ങളെ ദോഷകരമായി ബാധിക്കാൻ ശ്രമിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
യുഎഇയെ അപമാനിച്ചു എന്ന പ്രത്യേക കുറ്റാരോപണത്തില്‍ നിന്ന് കോടതി ഇയാളെ കുറ്റവിമുക്തനാക്കിയെങ്കിലും, കുവൈത്ത് അമീറിനെ അധിക്ഷേപിച്ചതിനും വിദ്വേഷം പ്രചരിപ്പിച്ചതിനുമുള്ള ശിക്ഷ നിലനില്‍ക്കും.
വീഡിയോകളിലൂടെയും കുറിപ്പുകളിലൂടെയും പരസ്യമായി നടത്തിയ അപകീർത്തികരമായ പരാമർശങ്ങള്‍ ഗൗരവത്തോടെയാണ് കോടതി കണ്ടത്.
വിദേശ രാജ്യങ്ങളെ കുറിച്ച് സർക്കാരിന്റെ അനുമതിയില്ലാതെ അപകീർത്തികരമായി സംസാരിക്കുന്നത് രാജ്യ സുരക്ഷയെ ബാധിക്കുന്ന കുറ്റമായാണ് കുവൈത്ത് നിയമം കണക്കാക്കുന്നത്.

