ടൊറന്റോ: കാനഡയിലെ ടൊറന്റോ സർവ്വകലാശാലയ്ക്ക് സമീപം ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. പിഎച്ച്ഡി വിദ്യാർത്ഥിയായ 20 വയസ്സുകാരൻ ശിവാങ്ക് അവസ്തിയാണ് കൊല്ലപ്പെട്ടത്. സർവ്വകലാശാലയുടെ സ്‌കാർബറോ കാമ്പസിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം നടന്നത്. വെടിയേറ്റ ഉടൻ തന്നെ ശിവാങ്ക് സംഭവസ്ഥലത്ത് വെച്ച് മരിച്ചതായാണ് റിപ്പോർട്ടുകൾ.
ഈ വർഷം ടൊറൻ്റോയിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന 41-ാമത്തെ കൊലപാതകമാണിത്. സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയിരിക്കുകയാണ്. പ്രതികളെ കണ്ടെത്താനായി പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഉന്നത പഠനത്തിനായി കാനഡയെ ആശ്രയിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ ഈ സംഭവം കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ശിവാങ്ക് അവസ്‌തിയുടെ കൊലപാതകത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അതീവ ദുഃഖം രേഖപ്പെടുത്തി. ടൊറൻ്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ മരിച്ച വിദ്യാർത്ഥിയുടെ കുടുംബവുമായി ബന്ധപ്പെട്ടതായും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും അറിയിച്ചു.

