കൊളംബിയ: നദിക്കരയില്‍ ഗുരുതര പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ യുവതി മരണപ്പെട്ടു. എട്ട് മാസം പ്രായമായ ഗർഭസ്ഥ ശിശുവിനെ കാണാനില്ല.
ഗർഭപാത്രം അറുത്ത് തട്ടിയെടുത്ത കുഞ്ഞിനായി തെരച്ചില്‍ ഊർജ്ജിതമാക്കി പൊലീസ്. കൊളംബിയയിലെ കാലിയിലാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. മരിയ കാമില പൊട്ടോസി എന്ന 21കാരിയേയാണ് ജൂലൈ 26ന് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിയ മരണപ്പെടുന്നത്.
കാലി നഗരത്തിലെ മെലൻഡേസ് നദിക്കരയിലാണ് ക്രൂരമായി ആക്രമിക്കപ്പെട്ട നിലയില്‍ 21കാരിയെ കണ്ടെത്തിയത്. നാല് ദിവസമാണ് മരിയ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞത്.
യുവതിയുടെ കഴുത്ത് അറുത്ത് വയറ് കീറിയാണ് ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ട് പോയിട്ടുള്ളത്. കുട്ടിയേക്കുറിച്ചോ കേസുമായി എന്തെങ്കിലും വിവരം പങ്കു വയ്ക്കുന്നവർക്ക് 62000 ഡോളർ (ഏകദേശം 5976902 രൂപ) ആണ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്.
കൈയും കാലും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു യുവതിയെ നദിക്കരയില്‍ കണ്ടെത്തിയത്. ശരീരത്തിലാകമാനം കുത്തേറ്റ നിലയിലായിരുന്നു യുവതിയുണ്ടായിരുന്നത്.
ഗർഭപാത്രം മുറിച്ച് നിലയിലാണ് യുവതിയെ കണ്ടെത്തിയത്. എന്നാല്‍ എട്ട് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഓഗസ്റ്റ് മാസത്തില്‍ പ്രസവം നടക്കാനിരിക്കെയാണ് ക്രൂരമായ കൊലപാതകം നടന്നിട്ടുള്ളത്.
ബേബി ഷവറിനുള്ള ഒരുക്കങ്ങളിലായിരുന്നു മരിയയുണ്ടായിരുന്നത്. ഇനിയും തിരിച്ചറിയാത്ത ഒരു യുവതിക്കൊപ്പം മോട്ടോർ ബൈക്കില്‍ പോകുന്ന മരിയയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഈ സ്ത്രീയേയും കണ്ടെത്തിയിട്ടില്ല.
തെക്കൻ കാലിയിലെ ആശുപത്രിയില്‍ പതിവ് പരിശോധനകള്‍ പൂർത്തിയാക്കി മടങ്ങുമ്പോഴാണ് യുവതിയെ അവസാനം കണ്ടെത്താൻ സാധിച്ചിട്ടുള്ളത്. പേരക്കുട്ടിയെ കണ്ടെത്താൻ സഹായിക്കണമെന്നാണ് മരിയയുടെ അമ്മ അന റൂബി ഗോമസ് പൊലീസിനോടും അധികൃതരോടും ആവശ്യപ്പെട്ടിട്ടുള്ളത്.
