റിയാദ്: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ കളിക്കുന്ന സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി. ക്ലബ്ബിന്റെ മൊത്തം കടബാധ്യത 800 മില്യൺ സൗദി റിയാൽ (ഏകദേശം 2000 കോടിയോളം ഇന്ത്യൻ രൂപ) കവിഞ്ഞതായാണ് പുറത്തുവരുന്ന വിവരങ്ങൾ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ക്ലബ്ബിന് പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതിൽ താത്കാലിക വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമായതോടെ പുതിയ സീസണിന് മുന്നോടിയായുള്ള കൈമാറ്റ ജാലകത്തിൽ ക്ലബ്ബിന്റെ താരക്കൈമാറ്റ നടപടികൾ പൂർണ്ണമായി തടസ്സപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ പുതിയ കളിക്കാരെ ഒപ്പുവെക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ക്ലബ്ബ് മാനേജ്‌മെന്റ്. കുടിശ്ശിക തീർപ്പാക്കാതെ പുതിയ കളിക്കാരുടെ രജിസ്ട്രേഷൻ അനുവദിക്കില്ലെന്ന നിലപാടിലാണ് അധികൃതർ.
കഴിഞ്ഞ സീസണുകളിൽ നടത്തിയ ഉയർന്ന ചിലവുകളും കരാർ തുകയിലെ ബാധ്യതകളുമാണ് ക്ലബ്ബിന് തിരിച്ചടിയായത്. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ക്ലബ്ബിന്റെ ഉടമസ്ഥരായ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) സാമ്പത്തിക പുനഃസംഘടനയ്ക്കും ചിലവുകൾ ചുരുക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
