തിരക്കേറിയ റോഡില്‍ ടയര്‍ പഞ്ചറായി കുടുങ്ങിയ ഇന്ത്യൻ യുവതികള്‍ക്ക് രക്ഷകരായെത്തിയ ദുബായ് പോലീസിനെ പ്രശംസിച്ച് സോഷ്യൽ മീഡിയ


ദുബായ്: കനത്ത ട്രാഫിക്കിനിടയില്‍ വാഹനം കേടായി വഴിയില്‍ കുടുങ്ങിയ ഇന്ത്യൻ യുവതികള്‍ക്ക് സുരക്ഷയൊരുക്കി മാതൃകയായി ദുബായ് പോലീസ്.

ഇന്ത്യൻ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ ഖുഷി ഓസ്വാളും സുഹൃത്തും യാത്ര ചെയ്തിരുന്ന കാറിന്റെ ടയറാണ് തിരക്കേറിയ റോഡില്‍ വെച്ച്‌ അപ്രതീക്ഷിതമായി പഞ്ചറായത്. തുടർന്ന് ടയർ മാറ്റാൻ മെക്കാനിക് എത്തുന്നതുവരെ കാറിന് പിന്നില്‍ പട്രോളിങ് വാഹനം നിർത്തിയിട്ട് സുരക്ഷ ഉറപ്പാക്കുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥർ.

വാഹനം കേടായി വെറും അഞ്ച് മിനിറ്റിനുള്ളില്‍ ഒരു റിക്കവറി വാഹനവും, തൊട്ടുപിന്നാലെ സുരക്ഷയൊരുക്കാൻ പോലീസ് വാഹനവും സ്ഥലത്തെത്തിയതായി ഖുഷി ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കുന്നു.

 തുടക്കത്തില്‍ ഭയം തോന്നിയെങ്കിലും, മെക്കാനിക് എത്താൻ സമയം എടുക്കുമെന്നറിഞ്ഞ പോലീസ് ഉദ്യോഗസ്ഥൻ ഹിന്ദിയില്‍ സംസാരിക്കുകയും സഹായം ഉറപ്പുനല്‍കി അവിടെത്തന്നെ തുടരുകയുമായിരുന്നു.

"ലോകത്തിന്റെ ഏത് കോണിലേക്ക് യാത്ര ചെയ്താലും ആളുകള്‍ ദുബായിലേക്ക് തന്നെ തിരികെ എത്തുന്നത് ഇവിടുത്തെ മികച്ച സുരക്ഷാ സംവിധാനങ്ങള്‍ കൊണ്ടാണ്," എന്ന് വ്യക്തമാക്കുന്ന ഖുഷിയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൻതോതില്‍ വൈറലാണ്. 

"സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ ഇടമാണ് ദുബായ്" എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോ കണ്ട നിരവധി ആളുകളാണ് ദുബായ് പോലീസിന്റെ മാന്യമായ പെരുമാറ്റത്തെയും പ്രൊഫഷണലിസത്തെയും പ്രശംസിച്ച്‌ രംഗത്തെത്തുന്നത്.

വളരെ പുതിയ വളരെ പഴയ