മരുഭൂമിയിൽ ആയിരങ്ങളുടെ കണ്ണീരൊപ്പിയ മലയാളി; പക്ഷാഘാതത്തെ തുടർന്ന് പ്രവാസം മതിയാക്കി അഷ്റഫ് കടവത്ത് നാട്ടിലേക്ക് മടങ്ങി

 


ദുബായ്: മൂന്ന് പതിറ്റാണ്ടോളമായി യു.എ.ഇയിൽ ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന കണ്ണൂർ മാട്ടൂൽ സ്വദേശി അഷ്റഫ് കടവത്ത് പ്രവാസം മതിയാക്കി ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങി. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒന്നര മാസമായി ദുബായിലെ റാഷിദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായതോടെയാണ് നാട്ടിലെത്തിച്ചത്.

ബിസിനസ് രംഗത്തായിരുന്ന സമയത്തും സാമ്പത്തിക തകർച്ച നേരിട്ടപ്പോഴും പ്രവാസ ലോകത്തെയും നാട്ടിലെയും നിർധനർക്ക് ആശ്വാസമായി നിലകൊണ്ട നിശ്ശബ്ദ ജീവകാരുണ്യ പ്രവർത്തകനായിരുന്നു അഷ്റഫ് കടവത്ത്. ഗ്ലോബൽ പ്രവാസി യൂണിയന്റെ സജീവ സഹയാത്രികനായിരുന്ന അദ്ദേഹം ചെയ്ത നന്മകളൊന്നും ഒരിക്കലും പരസ്യപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല.

അഷ്റഫ് രോഗബാധിതനായതോടെ ഗ്ലോബൽ പ്രവാസി യൂണിയൻ ചെയർമാൻ അഡ്വ. ഫരീദിന്റെ നേതൃത്വത്തിൽ നടന്ന നിരന്തര ഇടപെടലുകളിലൂടെയും ഏകോപിത ശ്രമങ്ങളിലൂടെയുമാണ് അദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള നിയമപരവും ആരോഗ്യപരവുമായ നടപടികൾ പൂർത്തിയാക്കിയത്. പ്രവാസലോകത്ത് ഒട്ടേറെപ്പേർക്ക് തണലായ മനുഷ്യസ്നേഹിയുടെ മടക്കയാത്ര നൊമ്പരത്തോടെയാണ് പ്രവാസി സമൂഹം ഏറ്റെടുത്തത്.



വളരെ പുതിയ വളരെ പഴയ