വാഷിങ്ടൺ: ഇന്ത്യ ഉൾപ്പെടെയുള്ള 60 രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അധിക കസ്റ്റംസ് തീരുവ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ് ഭരണകൂടം. നിർബന്ധിത തൊഴിലിലൂടെ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങൾക്ക് മേലാണ് പുതിയ തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്.
പുതിയ ഉത്തരവ് അനുസരിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 10 ശതമാനവും ചില രാജ്യങ്ങൾക്ക് 12.5 ശതമാനവുമാണ് ഇറക്കുമതി തീരുവ. ആദ്യ ഘട്ടത്തിൽ ഇന്ത്യയ്ക്ക് 12.5 ശതമാനം തീരുവ നിർദ്ദേശിച്ചിരുന്നെങ്കിലും, തൊഴിൽ നിയമ ഭേദഗതികളെയും പ്രതിരോധ നടപടികളെയും കുറിച്ച് ഇന്ത്യയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഇത് 10 ശതമാനമായി കുറയ്ക്കുകയായിരുന്നു. പുതിയ തീരുവകൾ പ്രാബല്യത്തിൽ വന്നതായി യു.എസ്. ട്രേഡ് റെപ്രസെന്റേറ്റീവിന്റെ ഓഫീസ് അറിയിച്ചു.
ഇന്ത്യക്ക് പുറമേ യുകെ, കാനഡ, മെക്സിക്കോ, ബംഗ്ലാദേശ്, പാകിസ്താൻ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾക്കും 10 ശതമാനം താരിഫാണ് ബാധകമാവുക. അതേസമയം യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 10 മുതൽ 12.5 ശതമാനം വരെ തീരുവയുണ്ടാകും. 1974-ലെ യു.എസ്. ട്രേഡ് ആക്ടിന്റെ സെക്ഷൻ 301 പ്രകാരമാണ് യു.എസ്. ട്രേഡ് റപ്രസന്റേറ്റീവ് ജാമീസൺ ഗ്രീർ പുതിയ താരിഫുകൾ പുറപ്പെടുവിച്ചത്. എണ്ണ, ഗ്യാസ്, വളങ്ങൾ, ചില ഭക്ഷ്യവസ്തുക്കൾ എന്നിവയെ പുതിയ തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
