നിയമക്കുരുക്കുകളും നീണ്ട കാത്തിരിപ്പും: 17 വര്‍ഷത്തെ പ്രവാസം; ഒടുവില്‍ ഗീവര്‍ഗീസ് നാട്ടിലെത്തിയത് പ്രാണന്‍റെ പാതിയായ മകന് വിടചൊല്ലാൻ


റിയാദ്: പ്രവാസത്തിന്റെ നീറുന്ന 17 നീണ്ട വർഷങ്ങള്‍... ഒടുവില്‍ സ്വന്തം മണ്ണിലേക്ക് വിമാനം കയറുമ്പോള്‍ കൊല്ലം പൂയപ്പള്ളി സ്വദേശിയായ ഗീവർഗീസ് (67) എന്ന ആ അച്ഛന്റെ മനസ്സില്‍ മകനെ നെഞ്ചോട് ചേർക്കണമെന്ന ആഗ്രഹമായിരുന്നില്ല, അവന് അവസാനമായി വിട നല്‍കണമെന്ന നെഞ്ചുപിളർക്കുന്ന വേദന മാത്രമായിരുന്നു. നിറകണ്ണുകളോടെയല്ലാതെ ആർക്കും ഈ കാഴ്ച കണ്ടു നിൽക്കാനാവില്ല

നിയമക്കുരുക്കുകളും നീണ്ട കാത്തിരിപ്പും തീർത്ത വിരഹത്തിനൊടുവില്‍ അദ്ദേഹം നാട്ടിലെത്തിയത് ജീവന്റെ ജീവനായ മകന്റെ അന്ത്യകർമങ്ങളില്‍ പങ്കെടുക്കാനാണ്.

രണ്ട് പെണ്‍മക്കളുടെ വിവാഹമടക്കമുള്ള കുടുംബത്തിന്റെ വലിയ ഉത്തരവാദിത്തങ്ങള്‍ തോളിലേറ്റിയാണ് ഗീവർഗീസ് വർഷങ്ങള്‍ക്ക് മുൻപ് പ്രവാസ ലോകത്തേക്ക് വണ്ടി കയറുന്നത്. ഇതിനിടയില്‍ കൃത്യമായ രേഖകളോ ഇഖാമയോ ഇല്ലാതെ ഡ്രൈവറായി ജോലി ചെയ്തു വരുന്നതിനിടയിലാണ് ജീവിതം തകിടം മറിച്ച ആ ദുരന്തം ഉണ്ടാകുന്നത്. 

ഒരിക്കല്‍ വാഹനം വിളിച്ച യാത്രക്കാരുടെ കൈവശമുണ്ടായിരുന്ന മദ്യക്കുപ്പിയുടെ പേരില്‍, ചെക്ക്പോസ്റ്റില്‍ വെച്ചുണ്ടായ പരിശോധനയില്‍ അറിയാത്ത കുറ്റത്തിന് ഗീവർഗീസും കേസില്‍പെട്ടു. ഇതോടെ ഇഖാമ പുതുക്കാനോ നാട്ടിലേക്ക് മടങ്ങാനോ കഴിയാതെ നിയമത്തിന്റെ കടുപ്പമേറിയ ഭിത്തികള്‍ക്കുള്ളില്‍ ആ പ്രവാസം കുടുങ്ങിപ്പോകുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗീവർഗീസിന്‍റെ ലോകം ഇരുട്ടിലാക്കിയ ആ വാർത്തയെത്തുന്നത്. മകൻ അൻസൻ വർഗീസ് (26) സഞ്ചരിച്ച സ്കൂട്ടർ അപകടത്തില്‍പ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അൻസന് മസ്തിഷ്ക മരണം സംഭവിക്കുകയും ബുധനാഴ്ചയോടെ ആ കുഞ്ഞുജീവൻ പൊലിയുകയും ചെയ്തു.

 'പപ്പാ... ഇനി മതി, നാട്ടിലേക്ക് തിരികെ വരൂ…' എന്ന് നിരന്തരം കെഞ്ചാറുള്ള മകന്റെ അരികിലേക്കാണ്, അവന്റെ ജീവനറ്റ ശരീരത്തിന് മുന്നിലേക്കാണ് ആ അച്ഛന് മടങ്ങി ചെല്ലേണ്ടി വന്നത്. 

രണ്ടു വർഷം മുൻപ് ഈ മകൻ തൊഴില്‍ വിസയില്‍ റിയാദിലെത്തിയിരുന്നു. ജോലി പ്രശ്നം മൂലം ആറു മാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന സമയത്തും അവന്റെ ഒരേയൊരു ആഗ്രഹം "പപ്പയും കൂടെ വാ" എന്ന് മാത്രമായിരുന്നു.

പ്രിയപ്പെട്ട മകന്റെ അപകടമരണ വാർത്തയറിഞ്ഞ് നെഞ്ചുപൊട്ടി കരയാനല്ലാതെ, നിയമപരമായ വഴികളില്ലാതെ ഉഴറിയ ഗീവർഗീസിന് തുണയായത് സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലുകളാണ്.

 തർഹീല്‍ (നാടുകടത്തല്‍ കേന്ദ്രം) അധികൃതരുമായി ഇവർ നടത്തിയ ചർച്ചകള്‍ക്കൊടുവില്‍, ആ പിതാവിന്റെ നോവ് തിരിച്ചറിഞ്ഞ സൗദി അധികൃതർ അപൂർവ്വമായ മാനുഷിക പരിഗണന നല്‍കി അടിയന്തര നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

പാസ്‌പോർട്ട് പോലുമില്ലാതിരുന്ന ഗീവർഗീസിന് എംബസി ഉദ്യോഗസ്ഥരുടെയും തർഹീല്‍ അധികൃതരുടെയും സഹായത്തോടെ വ്യാഴാഴ്ച ഉച്ചയോടെ തന്നെ ഔട്ട്‌പാസും എക്സിറ്റ് വിസയും ലഭ്യമാക്കി. അന്നു രാത്രിയിലെ വിമാനത്തില്‍ നാട്ടിലേക്ക്. 

വെള്ളിയാഴ്ച വൈകുന്നേരത്തോടെ കൊല്ലത്തെ വീട്ടിലെത്തിയ ഗീവർഗീസിനെ കാത്തിരുന്നത് വിങ്ങിപ്പൊട്ടുന്ന ഒരു നാടായിരുന്നു. ശനിയാഴ്ച നടന്ന സംസ്കാര ചടങ്ങില്‍, 17 കൊല്ലത്തിന് ശേഷം സ്വന്തം വീട്ടില്‍ വെച്ച്‌ മകനെ ജീവനറ്റ അവസ്ഥയില്‍ അവസാനമായി ഒരുനോക്ക് കാണുമ്പോള്‍ ആ പിതാവ് നിലവിളിച്ച കാഴ്ച കണ്ടുനിന്നവരുടെയും കണ്ണുനിറച്ചു. സാധാരണ ഗതിയില്‍ മാസങ്ങള്‍ നീളുന്ന നിയമ നടപടികളാണ്, സൗദി അധികൃതരുടെയും എംബസിയുടെയും അപൂർവ്വമായ മാനുഷിക പരിഗണന മൂലം മണിക്കൂറുകള്‍ക്കുള്ളില്‍ പൂർത്തിയായത്.

 സാമൂഹിക പ്രവർത്തകനായ നേവല്‍ തൃശൂർ, എംബസി വെല്‍ഫെയർ വിങ് കോണ്‍സുലർ വൈ. സാബിർ, അറ്റാഷെ സോനു കുമാർ, ഉദ്യോഗസ്ഥരായ സെയ്യിദ് മൊയിസുദ്ദീൻ, ആഷിഖ് എന്നിവരും ഇതിനായി മുന്നിട്ടിറങ്ങി.

വളരെ പുതിയ വളരെ പഴയ