അബുദാബി: മാർച്ച് മൂന്നാം വാരത്തില്‍ നടന്ന നറുക്കെടുപ്പിലാണ് മൂന്ന് മലയാളികള്‍ക്ക് വൻ സമ്മാനമടിച്ചത്. ഇന്ത്യയില്‍ നിന്നുള്ള മൂന്ന് പേർക്കും പാകിസ്ഥാനില്‍ നിന്നുള്ള ഒരാള്‍ക്കും 200 ഗ്രാം തൂക്കം വരുന്ന 24 കാരറ്റിന്റെ സ്വർണക്കട്ടിയാണ് സമ്മാനമായി ലഭിച്ചത്.
18 വർഷമായി ദുബായിയില്‍ സെയില്‍സ് പ്രൊഫഷണലായി ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി സുനീഷ് കൃഷ്ണൻ ബാലകൃഷ്ണനാണ് വൻ ഭാഗ്യം തേടിയെത്തിയവരില്‍ ഒരാള്‍.
കഴിഞ്ഞ എട്ടു വർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്ന് സുനീഷ് പറയുന്നു. ഇത്തവണ നാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റെടുത്തത്.
തന്റെ ഭാഗ്യനമ്പറായ മൂന്നില്‍ അവസാനിക്കുന്ന നമ്പറുള്ള ടിക്കറ്റുകള്‍ മാത്രമാണ് സുനീഷ് എടുക്കാറുള്ളത്. സമ്മാനത്തിന്റെ ഒരു വിഹിതം നാട്ടിലെ അനാഥാലയത്തിന് നല്‍കാനാണ് സുനീഷിന്റെ തീരുമാനം.
ദുബായില്‍ 20 വർഷമായി ബിസിനസ് ചെയ്യുന്ന ശരത് ബാലനാണ് സ്വർണസമ്മാനം നേടിയ മറ്റൊരു ഭാഗ്യശാലി. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ശരത് ടിക്കറ്റെടുത്തത്. സമ്മാനത്തിനർഹനായ വിവരമറിയിക്കാൻ ബിഗ് ടിക്കറ്റ് അധികൃതർ വിളിച്ചപ്പോള്‍ മീറ്റിംഗിലായിരുന്നതിനാല്‍ ഫോണെടുക്കാൻ സാധിച്ചില്ല.
പിന്നീട് ഓണ്‍ലൈനിലൂടെ ഫലം പരിശോധിച്ചപ്പോഴാണ് വിവരമറിഞ്ഞത്. നിലവില്‍ സമ്മാനത്തുക എന്തിനാണുപയോഗിക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ ടിക്കറ്റ് വാങ്ങുന്നത് ഇനിയും തുടരുമെന്നും ശരത് പറഞ്ഞു.
കേരളത്തിലെ ഡോക്‌ടറായ മുഹമ്മദ് ഇബ്രാഹിമാണ് ബിഗ് ടിക്കറ്റ് സമ്മാനം ലഭിച്ച മൂന്നാമത്തെ വിജയി. 20 വർഷമായി ടിക്കറ്റെടുക്കുന്ന പിതാവില്‍ നിന്നും യുഎഇയിലുള്ള സഹോദരനില്‍ നിന്നുമാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് ഇബ്രാഹിം അറിഞ്ഞത്.
കഴിഞ്ഞ മൂന്ന് വർഷമായി ആറ് സുഹൃത്തുക്കള്‍ക്കൊപ്പം ചേർന്ന് ടിക്കറ്റെടുക്കുന്നു. ഈ വർഷമവസാനം ഉപരിപഠനത്തിനായി കാനഡയിലേയ്ക്ക് പോകാൻ തയ്യാറെടുക്കുകയാണ് ഇബ്രാഹിം.

