header-ad

ഇറാന്റെ ക്ഷമാപണം വെറുംവാക്കായി; ഡ്രോൺ ആക്രമണത്തിൽ പാക് സ്വദേശിയായ പ്രവാസി ഡ്രൈവ‍ര്‍ക്ക് ദാരുണാന്ത്യം, ഗള്‍ഫ് രാജ്യങ്ങളിലാകെ ആക്രമണ പരമ്പര


ദുബായ്: ഗൾഫ് രാജ്യങ്ങളില്‍ നിന്ന് ഇറാനെതിരായ ആക്രമണങ്ങള്‍ ഉണ്ടാവാത്ത പക്ഷം അങ്ങോട്ട് ആക്രമിക്കില്ലെന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ സന്ദേശം വെറുംവാക്കായി.

മണിക്കൂറുകള്‍ക്കകം രാത്രിയിലും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാൻ ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ തുടർന്നു. ഡ്രോണ്‍ അവശിഷ്ടം വാഹനത്തില്‍ വീണ് ദുബായില്‍ ഒരാള്‍ മരിച്ചു. ദുബായിലെ അല്‍ ബ‍ർഷയിലുണ്ടായ സംഭവത്തില്‍ ഏഷ്യക്കാരനാണ് മരിച്ചത്.

പാകിസ്ഥാൻ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ആകാശത്തുണ്ടായ പ്രതിരോധ നടപടികളുടെ ഭാഗമായുണ്ടായ അവശിഷ്ടങ്ങള്‍ വാഹനത്തിന് മുകളില്‍ വീണാണ് അപകടമുണ്ടായതെന്നാണ് ദുബായ് മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദമാക്കുന്നത്. മരിച്ച വ്യക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ബഹ്‌റൈനിലെ മനാമയില്‍ വീടിനും കെട്ടിടങ്ങള്‍ക്കും തീപിടിച്ചു. സൗദിയില്‍ പ്രിൻസ് സുല്‍ത്താൻ വ്യോമ താവളത്തിനു നേരെ വീണ്ടും ആക്രമണം ഉണ്ടായി.

പ്രസിഡന്റിന്റെ പ്രസ്താവന പിന്നീട് തിരുത്തിയ ഇറാൻ സേനാവിഭാഗമായ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) അമേരിക്കൻ സൈനിക താവളങ്ങള്‍ക്കെതിരായ ആക്രമണം തുടരുമെന്ന് വ്യക്തമാക്കി. 

ഇറാന്റെ ശത്രുക്കള്‍ക്ക് താവളം അനുവദിക്കുന്ന അയല്‍ രാജ്യങ്ങളും ലക്ഷ്യമാകുമെന്ന് ഇറാന്റെ ചീഫ് ജസ്റ്റിസ് മുഹ്സനി ഇസെയ് മുന്നറിയിപ്പ് നല്‍കി. ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെ തുടർന്ന് താല്‍ക്കാലിക ഭരണ സമിതിയില്‍ അംഗമായ വ്യക്തിയാണ് മുഹ്സനി ഇസെയ്.

യുഎഇയെ ദുർബല രാജ്യമായി തെറ്റിദ്ധരിക്കരുതെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ പ്രതികരിച്ചു. 

ഞങ്ങള്‍ എളുപ്പം കീഴടക്കാവുന്ന ഇരകള്‍ അല്ല, യുഎഇ ഉള്‍ക്കരുത്തുള്ള രാജ്യമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. വ്യോമാതിർത്തിയിലേക്ക് കടന്ന എട്ട് ഡ്രോണുകള്‍ തകർത്തെന്ന് സൗദി അറിയിച്ചു. പരമാധികാരം സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കുവൈറ്റും ഖത്തറും വ്യക്തമാക്കി. 

ഇറാനു മേല്‍ ഇസ്രായേല്‍ യുഎസ് സംയുക്ത ആക്രമണം കഴിഞ്ഞ രാത്രിയും ശക്തമായി തുടർന്നു. എസ്ഫഹാൻ പ്രവിശ്യയിലെ രണ്ട് വ്യോമതാവളങ്ങള്‍ തകർത്തു. ഇറാൻ സൈന്യം ഉപയോഗിക്കുന്ന നിരവധി ഇന്ധന സംഭരണികളും തകർത്തെന്നും ഇസ്രയേല്‍ പറയുന്നു.

ബഹറൈനിലെ പ്രധാന വാണിജ്യ കേന്ദ്രമായ സല്‍മാൻ പോർട്ടിന് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. ഇതിന് പിന്നാലെ തലസ്ഥാനമായ മനാമയിലെ ജനവാസ മേഖലകളിലും ചില താമസ സമുച്ചയങ്ങളിലും ആക്രമണം നടന്നു. ഖത്തർ ലക്ഷ്യമാക്കി എത്തിയ ആറ് ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും പ്രതിരോധ സേന ആകാശത്തു വെച്ച്‌ തകർത്തെന്നാണ് അവകാശവാദം.

 സൗദിയില്‍ എട്ട് ഡ്രോണുകളാണ് സൈന്യം വെടിവെച്ചിട്ടത്. റിയാദിലെ അതീവ സുരക്ഷാ മേഖലയായ ഡിപ്ലോമാറ്റിക് ക്വാർട്ടേഴ്സ് ലക്ഷ്യം വെച്ചായിരുന്നു സൗദിയിലെ ആക്രമണമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. കുവൈത്തിലും ആക്രമണങ്ങളില്‍ നിന്ന് മോചനമുണ്ടായില്ല. 

രാജ്യത്തെ പ്രധാന സർക്കാർ സ്ഥാപനങ്ങളില്‍ ഒന്നായ സോഷ്യല്‍ ഇൻഷുറൻസ് ആസ്ഥാനത്തിന് നേരെയാണ് ആക്രമണം നടന്നത്. ഇവിടങ്ങളില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് പ്രാഥമിക വിവരങ്ങള്‍.

ഇതിനിടെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് നിരവധി ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങുകയാണ്. മാർച്ച്‌ 1 മുതല്‍ 7 വരെ വിവിധ വിമാന സർവീസുകളിലൂടെ 52,000 പേർ പശ്ചിമേഷ്യൻ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 32,107 പേർ ഇന്ത്യൻ വിമാനങ്ങളിലൂടെയാണ് മടങ്ങിയെത്തിയത്.

വളരെ പുതിയ വളരെ പഴയ