ദുബായ്/ന്യൂഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷസാഹചര്യങ്ങൾ കണക്കിലെടുത്ത് വിവിധ ഗൾഫ് രാജ്യങ്ങളിൽ നടത്താനിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവച്ചു. തിങ്കളാഴ്ച (മാർച്ച് 9) മുതൽ ബുധനാഴ്ച (മാർച്ച് 11) വരെ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് നിലവിൽ മാറ്റിവച്ചിരിക്കുന്നത്. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ സ്കൂളുകൾക്ക് ഈ തീരുമാനം ബാധകമായിരിക്കുമെന്ന് സിബിഎസ്ഇ ഔദ്യോഗിക സർക്കുലറിൽ അറിയിച്ചു.
മാർച്ച് 9, 10, 11 തീയതികളിലെ പരീക്ഷകളാണ് പ്രധാനമായും മാറ്റിയത്. വരാനിരിക്കുന്ന പരീക്ഷകളുടെ കാര്യത്തിൽ മാർച്ച് 10-ന് (ചൊവ്വ) സിബിഎസ്ഇ സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തും. ഇതിനുശേഷം മാർച്ച് 12 മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് വ്യക്തമാക്കി.
നേരത്തെ മാർച്ച് 7-ന് നടക്കേണ്ടിയിരുന്ന പ്ലസ് ടു പരീക്ഷയും ബോർഡ് മാറ്റിവച്ചിരുന്നു. കൂടാതെ, പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി മാർച്ച് 7 മുതൽ 11 വരെ നിശ്ചയിച്ചിരുന്ന പരീക്ഷകൾ കഴിഞ്ഞ ദിവസം റദ്ദാക്കുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികൾ തങ്ങളുടെ സ്കൂളുകളുമായി നിരന്തരം ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കണമെന്നും സിബിഎസ്ഇ നിർദ്ദേശിച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുന്നതാണ്.

