ദുബായ്: താല്‍ക്കാലികമായി പ്രവർത്തനം നിർത്തിവച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളം തുറന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളില്‍ താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സ്ഥിതിഗതികള്‍ നിയന്ത്രിക്കാൻ വിമാനത്താവളം അടച്ചെന്നായിരുന്നു റിപ്പോർട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.
ഇസ്രയേല്‍-ഇറാൻ സംഘർഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് താല്‍ക്കാലികമായി പ്രവർത്തനം നിർത്തിവച്ചത്. ഇന്ന് രാവിലെ വിമാനത്താവളത്തിന് നേരെ സ്ഫോടനം ഉണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അങ്ങനെയൊരു ആക്രമണം നടന്നിട്ടില്ലെന്നാണ് ദുബായ് അധികൃതർ അറിയിച്ചത്.
ചെറിയൊരു ഇടവേളയ്ക്ക് ശേഷം എമിറേറ്റ്സ് എയർലൈൻ സർവീസുകള്‍ പുനരാരംഭിക്കുമെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് ശേഷം വിമാന ടിക്കറ്റ് സ്ഥിരീകരിച്ചിട്ടുള്ള യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് എത്താവുന്നതാണ്.
ദുബായ് വഴി കണക്‌ടിംഗ് ഫ്‌ളൈറ്റുകളില്‍ യാത്ര ചെയ്യേണ്ടവർക്കും തങ്ങളുടെ തുടർന്നുള്ള വിമാന സർവീസ് നടത്തുന്നുണ്ടെങ്കില്‍ യാത്ര തുടരാം.

