ഖത്തറിൽ ഉച്ചവിശ്രമ നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് തൊഴിൽ മന്ത്രാലയം

 


ദോഹ: വേനൽക്കാലം കടുത്തതോടെ രാജ്യത്ത് ഏർപ്പെടുത്തിയ ഉച്ചവിശ്രമ നിയമവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾ ഉടനടി റിപ്പോർട്ട് ചെയ്യണമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം അഭ്യർത്ഥിച്ചു. ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിലാണ് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഖത്തറിൽ ഉച്ചവിശ്രമം അനുവദിച്ചിട്ടുള്ളത്. ഈ നിയമപ്രകാരം രാവിലെ 10 മണി മുതൽ വൈകുന്നേരം 3:30 വരെയുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിലും ആവശ്യത്തിന് വായുസഞ്ചാരമില്ലാത്ത ഇടങ്ങളിലും തൊഴിലാളികളെ ജോലി ചെയ്യിക്കാൻ പാടില്ല. നിരോധിത സമയം കഴിഞ്ഞതിന് ശേഷം മാത്രമേ ഇത്തരം ജോലികൾ പുനരാരംഭിക്കാവൂ എന്ന് നിയമം വ്യക്തമാക്കുന്നു. കടുത്ത ചൂടിൽ നിന്ന് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് എല്ലാ വർഷവും ഈ ക്രമീകരണം ഏർപ്പെടുത്തുന്നത്.

നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. പൊതുജനങ്ങൾക്ക് ഇത്തരം നിയമലംഘനങ്ങൾ 40488264 എന്ന ഹോട്ട്‌ലൈൻ നമ്പറിലൂടെയോ info@mol.gov.qa എന്ന ഇമെയിൽ വിലാസത്തിലോ അധികൃതരെ അറിയിക്കാവുന്നതാണ്. വിവരങ്ങൾ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുന്നത് വഴി ഉദ്യോഗസ്ഥർക്ക് വേഗത്തിൽ ഇടപെടാനും പരാതികളിൽ അന്വേഷണം നടത്തി തൊഴിലുടമകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.


 

വളരെ പുതിയ വളരെ പഴയ