മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ചിയാപാസ് തീരത്ത് റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു.
ഭൂചലനത്തെത്തുടര്‍ന്ന് പസഫിക് തീരത്തെ വിവിധ രാജ്യങ്ങള്‍ക്ക് അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎസ് സുനാമി വാണിംഗ് സിസ്റ്റത്തിന്റെ കണക്കുകള്‍ പ്രകാരം, മെക്സിക്കോ, ഗ്വാട്ടിമാല എന്നീ രാജ്യങ്ങളുടെ സമീപ തീരങ്ങളില്‍ 0.3 മുതല്‍ 1 മീറ്റര്‍ വരെ ഉയരമുള്ള അപകടകരമായ സുനാമി തിരമാലകള്‍ ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.
ഇതിനു പുറമെ കൊളംബിയ, കോസ്റ്റാറിക്ക, ഇക്വഡോര്‍, എല്‍ സാല്‍വഡോര്‍, നിക്കരാഗ്വ, പനാമ, പെറു, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളുടെ തീരങ്ങളില്‍ 0.3 മീറ്ററില്‍ താഴെ മാത്രം ഉയരമുള്ള ചെറിയ തിരമാലകള്‍ക്കും സാധ്യതയുണ്ട്.
മെക്സിക്കോയിലെ പുവേര്‍ട്ടോ മഡേറോ എന്ന മത്സ്യബന്ധന ഗ്രാമത്തിന് സമീപമാണ് ഈ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂമിക്കടിയില്‍ 15.2 കിലോ മീറ്റര്‍ ആഴത്തിലാണ് പ്രകമ്പനം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ (USGS) വ്യക്തമാക്കി.
ഭൂചലനത്തിന്റെ ആഘാതത്തില്‍ തെക്കന്‍ മെക്സിക്കന്‍ സംസ്ഥാനമായ ഒക്സാക്കയില്‍ ഇടത്തരം തീവ്രതയുള്ള പ്രകമ്പനം അനുഭവപ്പെട്ടതായി ഗവര്‍ണര്‍ സലോമണ്‍ ജാര ക്രൂസ് അറിയിച്ചു. എന്നാല്‍ നിലവില്‍ അവിടെ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മെക്‌സിക്കോയ്ക്ക് പുറമെ അയല്‍രാജ്യങ്ങളായ ഗ്വാട്ടിമാലയിലും എല്‍ സാല്‍വഡോറിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. ഗ്വാട്ടിമാല സിറ്റിയില്‍ കെട്ടിടങ്ങള്‍ ശക്തമായി കുലുങ്ങിയതിനെത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിറങ്ങി.
സുനാമി ഭീഷണിയുള്ളതിനാല്‍ തീരദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ദേശീയ-പ്രാദേശിക അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും സുനാമി മുന്നറിയിപ്പ് കേന്ദ്രം നിര്‍ദ്ദേശിച്ചു.
വരും മണിക്കൂറുകളില്‍ ഉണ്ടാകുന്ന ഔദ്യോഗിക അറിയിപ്പുകള്‍ക്കായി കാത്തിരിക്കാനും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാനും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
