റിയാദ്: വർഷങ്ങളായി നിയമക്കുരുക്കുകളിൽ പെട്ട് നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം കിളിമാനൂർ വിളക്കാട്ട്കോണം പുണർതത്തിൽ അജയകുമാർ (56) ആണ് റിയാദിന് സമീപം ദവാദ്മിയിൽ നിര്യാതനായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
കഴിഞ്ഞ 36 വർഷമായി സൗദിയിൽ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു. ഇഖാമ 'ഹുറൂബ്' ആയതിനാലും മറ്റ് നിയമതടസ്സങ്ങൾ നിലനിന്നിരുന്നതിനാലുമാണ് കഴിഞ്ഞ 15 വർഷമായി അജയകുമാറിന് നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതിരുന്നത്. താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി. മൃതദേഹം ദവാദ്മിയിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും.
