ഖത്തറിൽ മധുരം ചേർത്ത പാനീയങ്ങളുടെ രജിസ്ട്രേഷന് പുതിയ ഡിജിറ്റൽ സംവിധാനം വരുന്നു


ദോഹ: ഖത്തറിൽ മധുരം ചേർത്ത പാനീയങ്ങളുടെ ഉൽപ്പന്ന രജിസ്ട്രേഷൻ നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനായി പുതിയ ഡിജിറ്റൽ സംവിധാനം നടപ്പാക്കുന്നു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ളതും ജനറൽ ടാക്സ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തതുമായ ലബോറട്ടറികളിൽ നിന്നുള്ള വിശകലന സർട്ടിഫിക്കറ്റുകൾ ധരീബ (Dhareeba) പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് രീതിയിൽ നേരിട്ട് സ്വീകരിക്കുമെന്ന് ജനറൽ ടാക്സ് അതോറിറ്റി അറിയിച്ചു.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ നികുതിദായകർ ഉൽപ്പന്നങ്ങളുടെ പരിശോധനാ സർട്ടിഫിക്കറ്റുകൾ ധരീബ പ്ലാറ്റ്‌ഫോമിൽ നേരിട്ട് അപ്‌ലോഡ് ചെയ്യേണ്ടതില്ല. ലബോറട്ടറികളും നികുതി അതോറിറ്റിയും തമ്മിലുള്ള നേരിട്ടുള്ള ഡിജിറ്റൽ സംയോജനത്തിലൂടെ വിവരങ്ങൾ ഇലക്ട്രോണിക് രീതിയിൽ കൈമാറും.

ഇതിനായി ആദ്യം നികുതിദായകർ ധരീബ പ്ലാറ്റ്‌ഫോം വഴി ഉൽപ്പന്ന രജിസ്ട്രേഷനായി അപേക്ഷ സമർപ്പിക്കണം. തുടർന്ന് ഉൽപ്പന്നത്തിന്റെ സാമ്പിൾ അംഗീകൃത ലബോറട്ടറിയിൽ പരിശോധനയ്ക്കായി നൽകണം. പരിശോധനയിലൂടെ പഞ്ചസാരയുടെയും മറ്റ് മധുരം നൽകുന്ന ഘടകങ്ങളുടെയും തരവും അളവും നിർണയിച്ച ശേഷം പരിശോധനാഫലങ്ങൾ ലബോറട്ടറിയിൽനിന്ന് ധരീബ പ്ലാറ്റ്‌ഫോമിലേക്ക് നേരിട്ട് കൈമാറും.

ഇതോടെ നികുതി അതോറിറ്റിയിലെ ഉദ്യോഗസ്ഥർക്ക് പരിശോധനാ ഫലങ്ങൾ നേരിട്ട് ലഭിക്കുകയും ഉൽപ്പന്ന രജിസ്ട്രേഷൻ അപേക്ഷകളുടെ നടപടികൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്യും. മാനുവൽ നടപടികൾ കുറയ്ക്കാനും പരിശോധനാ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനും അപേക്ഷാ നടപടികളിലെ കാലതാമസം ഒഴിവാക്കാനും പുതിയ സംവിധാനം സഹായിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ