ദുബായ്∙ വായ്പാ തിരിച്ചടവിൽ താൽക്കാലിക ബുദ്ധിമുട്ട് നേരിട്ട 1.35 ലക്ഷത്തിലധികം യുഎഇയിലെ ഗുണഭോക്താക്കൾക്ക് ആശ്വാസം. സെൻട്രൽ ബാങ്കിന്റെ പിന്തുണാ പദ്ധതിയിലൂടെ 1350 കോടി ദിർഹം മൂല്യമുള്ള വായ്പാ തിരിച്ചടവുകൾക്ക് ബാങ്കുകൾ താൽക്കാലിക ഇളവു നൽകി.
അതേസമയം, ഇത് വായ്പ മാപ്പാക്കലല്ല. നിശ്ചിത സമയത്ത് അടയ്ക്കേണ്ട തുക പിന്നീട് അടയ്ക്കാൻ അനുവദിക്കുന്ന താ ൽക്കാലിക തിരിച്ചടവ് സാവകാശം മാത്രമാണ്.
കാലാവധിയും മറ്റു വ്യവസ്ഥകളും ഓരോ ബാങ്കിന്റെയും വായ്പാ കരാറനുസരിച്ചായിരിക്കും. മേഖലയിലെ സാമ്പത്തിക വെല്ലുവിളികൾ നേരിട്ട വ്യക്തികളെയും സ്ഥാപനങ്ങളെയും സഹായിക്കാനാണ് യുഎഇ സെൻട്രൽ ബാങ്ക് മാർച്ചിൽ പദ്ധതി പ്രഖ്യാപിച്ചത്.
ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 1,35,031 പേരാണു പദ്ധതിയുടെ ഗുണഭോക്താക്കൾ. ഇതിൽ 1,27,753 പേർ വ്യക്തിഗത വായ്പക്കാരും 6,198 എണ്ണം ചെറുകിട-ഇടത്തരം സ്ഥാപനങ്ങളും 1,080 എണ്ണം വലിയ കമ്പനികളുമാണ്.
മാറ്റിവച്ച വായ്പകളിൽ ഏറ്റവും വലിയ പങ്ക് കമ്പനികളുടേതാണ്. 910 കോടി ദിർഹം വലിയ കമ്പനികൾക്കും 240 കോടി ദിർഹം ചെറുകിട സ്ഥാപനങ്ങൾക്കും 200 കോടി ദിർഹം വ്യക്തിഗത വായ്പകൾക്കുമാണു സാവകാശം ലഭിച്ചത്.
അതേസമയം യുഎഇ ബാങ്കിങ് മേഖല ശക്തമായ വളർച്ച തുടരുകയാണെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു. ജൂൺ അവസാനം വരെ ബാങ്കുകളുടെ ആസ്തി 12.5 ശതമാനവും വായ്പ വിതരണം 18.1 ശതമാനവും വർധിച്ചു. തിരിച്ചടവിൽ വീഴ്ച വന്ന വായ്പകളുടെ അനുപാതം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന 2.8 ശതമാനത്തിലെത്തി.
