റിയാദ്: സൗദി അറേബ്യയുടെ ആകാശത്ത് ഈ നൂറ്റാണ്ടിലെ ഏറ്റവും അപൂർവ്വവും ദൈർഘ്യമേറിയതുമായ പൂർണ സൂര്യഗ്രഹണം ദൃശ്യമാകാനൊരുങ്ങുന്നു.
2026 ഓഗസ്റ്റ് 2 ഉച്ചയ്ക്ക് സൗദിയുടെ വിവിധ ഭാഗങ്ങളെ ഇരുട്ടിലാക്കിക്കൊണ്ട് സൂര്യനെ ചന്ദ്രൻ പൂർണമായും മറയ്ക്കും.
75ലധികം വർഷങ്ങള്‍ക്ക് ശേഷമാണ് സൗദി അറേബ്യയില്‍ ഇത്രയും ദൈർഘ്യമേറിയ പൂർണ സൂര്യഗ്രഹണം ഉണ്ടാകുന്നത്. ഇതിനെ നൂറ്റാണ്ടിലെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര സംഭവമെന്നാണ് സൗദി സ്പേസ് ഏജൻസി വിശേഷിപ്പിച്ചത്.
6 മിനിറ്റോളം ഇരുട്ട്
ഗ്രഹണ സമയത്ത് പകല്‍ വെളിച്ചം മാറി സന്ധ്യാസമയത്തിന് സമാനമായ അന്തരീക്ഷമാകും. അന്തരീക്ഷ താപനില പെട്ടെന്ന് കുറയുകയും ഉച്ചസമയത്ത് ആകാശത്ത് നക്ഷത്രങ്ങളും ഗ്രഹങ്ങളും ദൃശ്യമാവുകയും ചെയ്യും.
സൂര്യന്റെ ഉപരിതലത്തിലെ അന്തരീക്ഷ പാളിയായ 'കൊറോണ' നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാൻ സാധിക്കും. അബ പോലെയുള്ള തെക്കൻ പ്രദേശങ്ങളില്‍ ഏകദേശം 6 മിനിറ്റോളവും, ജിദ്ദ ഉള്‍പ്പെടെയുള്ള പടിഞ്ഞാറൻ തീരപ്രദേശങ്ങളില്‍ 5 മിനിറ്റ് 50 സെക്കൻഡോളവും പൂർണ്ണ ഇരുട്ട് അനുഭവപ്പെടും.
സൗദിയിലെ പ്രധാനപ്പെട്ട നഗരങ്ങള്‍ പൂർണ്ണ ഗ്രഹണ പാതയിലാണ് സ്ഥിതി ചെയ്യുന്നത്. മക്ക, ജിദ്ദ, തായിഫ്, അല്‍ ബാഹ, ഖമീസ് മുഷൈത്ത്, ജിസാൻ, നജ്റാൻ തുടങ്ങിയ വൻ നഗരങ്ങളില്‍ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകും.
റിയാദ്, ഈസ്റ്റേണ്‍ പ്രൊവിൻസ് ഉള്‍പ്പെടെയുള്ള മറ്റ് പ്രദേശങ്ങളില്‍ ഭാഗിക സൂര്യഗ്രഹണമായിരിക്കും അനുഭവപ്പെടുകയെന്ന് ജിദ്ദ ആസ്ട്രോണമി സൊസൈറ്റിയുടെ ഭാരവാഹി എഞ്ചിനീയർ മജീദ് അബു സഹ്റ പറഞ്ഞു.
ഓഗസ്റ്റ് 2ന് രാവിലെ 11.41ഓടെ ഭാഗിക ഗ്രഹണം ആരംഭിക്കും. ഉച്ചയ്ക്ക് 1.21 നും 1.44 നും ഇടയിലാണ് രാജ്യത്ത് പൂർണമായി ഇരുട്ട് പരക്കുന്നത്. വൈകുന്നേരം 3 മണിയോടെ ഗ്രഹണം അവസാനിക്കും.
വിവിധ നഗരങ്ങളിലെ സമയം
ജിദ്ദ: ഉച്ചയ്ക്ക് 12ന് ഗ്രഹണം തുടങ്ങി 1.25ന് പൂർണ്ണ ഗ്രഹണത്തിലെത്തും.
മക്ക: ഉച്ചയ്ക്ക് 12.01ന് തുടങ്ങി 1.26ന് പൂർണ്ണ അവസ്ഥയിലാകും.
തായിഫ്: ഉച്ചയ്ക്ക് 12.03ന് തുടങ്ങി 1.28ന് പൂർണ്ണതയിലെത്തും.
യുഎഇ നിവാസികള്‍ക്കും സൂര്യഗ്രഹണം കാണാമെങ്കിലും അത് ഭാഗികമായിരിക്കും. ദുബായ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സൂര്യന്റെ 53 ശതമാനം മുതല്‍ 61 ശതമാനം വരെ ഭാഗം ചന്ദ്രനാല്‍ മറയ്ക്കപ്പെടും. പൂർണമായി ഇരുട്ടോ നക്ഷത്രങ്ങള്‍ തെളിയുന്ന അനുഭവമോ യുഎഇയില്‍ ഉണ്ടാകില്ല.
പ്രത്യേക സുരക്ഷാ ഗ്ലാസുകള്‍ ഇല്ലാതെ ഒരു കാരണവശാലും സൂര്യനെ നേരിട്ട് നോക്കരുത്. സാധാരണ സണ്‍ഗ്ലാസുകളോ ടെലിസ്കോപ്പോ ഫില്‍ട്ടറുകളില്ലാതെ ഉപയോഗിക്കുന്നത് കണ്ണിന്റെ കാഴ്ചശക്തിക്ക് സ്ഥിരമായ തകരാറുകള്‍ വരുത്താമെന്ന് സൗദി സ്പേസ് ഏജൻസി പൊതുജനങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
