റിയാദ്: സൗദി അറേബ്യയിൽ ജലം, മലിനജലം, വൈദ്യുതി സേവനങ്ങളുടെ നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനിച്ചതോടെ രാജ്യത്തെ പ്രവാസികളുടെ ജീവിതച്ചെലവ് കുത്തനെ ഉയർന്നേക്കും. പുതിയ നിരക്ക് വർധനവ് 2027 ജനുവരി മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ നിരക്ക് വർധന മൂലമുണ്ടാകുന്ന സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനായി സ്വദേശികൾക്ക് സൗദി സർക്കാർ പ്രത്യേക സമാശ്വാസ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ താരിഫ് നടപ്പിലാക്കുമ്പോൾ ഉപഭോഗത്തിനനുസരിച്ച് ബിൽ തുകകളിൽ ഉണ്ടാകുന്ന വർധനവിനെക്കുറിച്ച് ലീഗൽ കൺസൾട്ടന്റ് ബദർ അൽ ശുവൈഅർ വിശദീകരിച്ചു. പുറത്തുവന്ന നിരക്കുകൾ ഏകദേശ ഉദാഹരണങ്ങൾ മാത്രമാണെന്നും മൂല്യവർധിത നികുതി (VAT) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വസ്തുവിന്റെ വലുപ്പമല്ല, മറിച്ച് ഉപഭോഗത്തിന്റെ അളവും മീറ്റർ സ്പെസിഫിക്കേഷനുകളും റെസിഡൻഷ്യൽ യൂണിറ്റുകളുടെ എണ്ണവുമാണ് ഇനി മുതൽ ബിൽ തുക നിർണ്ണയിക്കുന്നത്. വിദേശികൾക്ക് സമാശ്വാസ ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ നിരക്ക് വർധന പ്രവാസി കുടുംബങ്ങളെയും സ്ഥാപനങ്ങളെയും സാരമായി ബാധിക്കും.
