ദുബായ്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെയും സ്ഥാപനത്തെയും അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ലുലു ഗ്രൂപ്പ്. കേസുകൾ പിൻവലിക്കാനോ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്താനോ ഉദ്ദേശിക്കുന്നില്ലെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻസ് മേധാവി വി. നന്ദകുമാർ അറിയിച്ചു. പ്രതികൾ മാപ്പ് പറഞ്ഞെന്ന അവകാശവാദം കേസുകളെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യൂസഫലിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച സംഭവത്തിൽ മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയ കഴിഞ്ഞദിവസം ഖേദപ്രകടനം നടത്തിയിരുന്നു. 2020-ൽ തിരുവനന്തപുരം വിമാനത്താവളം വഴി യൂസഫലി സ്വർണം കടത്തിയെന്ന് ആരോപിച്ചതിനെതിരെ നൽകിയ അപകീർത്തിക്കേസിലാണ് ഷാജന്റെ ഖേദപ്രകടനം വന്നത്. എന്നാൽ മാപ്പപേക്ഷ കൊണ്ട് കേസ് അവസാനിപ്പിക്കില്ലെന്നും നിയമപോരാട്ടം തുടരുമെന്നുമാണ് ലുലു ഗ്രൂപ്പിന്റെ വ്യക്തമാക്കൽ.
