അബുദാബി: യുഎഇയിൽ 55-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ പൊതു അവധി പ്രഖ്യാപിച്ചു. 2026 ഡിസംബർ രണ്ട് ബുധനാഴ്ചയും ഡിസംബർ മൂന്ന് വ്യാഴാഴ്ചയുമാണ് അവധി ദിനങ്ങൾ. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാർക്കും ഈ അവധി ബാധകമായിരിക്കും.
ശനി, ഞായർ ദിവസങ്ങളിലെ പതിവ് വാരാന്ത്യ അവധി ദിനങ്ങൾക്കൊപ്പം ഡിസംബർ നാല് വെള്ളിയാഴ്ച വാർഷിക അവധി കൂടി എടുക്കുകയാണെങ്കിൽ ജീവനക്കാർക്ക് തുടർച്ചയായി അഞ്ച് ദിവസത്തെ അവധി ലഭിക്കും. തുടർന്ന് ഡിസംബർ ഏഴ് തിങ്കളാഴ്ച ഇവർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാം.
ഡിസംബർ രണ്ട് ബുധനാഴ്ച മുതൽ ഡിസംബർ നാല് വെള്ളിയാഴ്ച വരെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ അവധിയായിരിക്കുമെന്നും ഡിസംബർ ഏഴ് തിങ്കളാഴ്ച ഔദ്യോഗിക പ്രവൃത്തി സമയം പുനരാരംഭിക്കുമെന്നും നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ മേഖലയിലും അവധി പ്രഖ്യാപിച്ചത്.
1971 ഡിസംബർ രണ്ടിന് ആറ് എമിറേറ്റുകൾ ഒരുമിച്ചു ചേർന്ന് ഫെഡറേഷൻ രൂപീകരിച്ചുകൊണ്ട് ഐക്യ അറബ് എമിറേറ്റ്സ് സ്ഥാപിതമായതിന്റെ ഓർമ്മ പുതുക്കുന്നതാണ് ഈദ് അൽ ഇത്തിഹാദ്. 1972 ഫെബ്രുവരിയിൽ റാസ് അൽ ഖൈമ കൂടി ചേർന്നതോടെ ഏഴ് എമിറേറ്റുകൾ അടങ്ങിയ ഈ യൂണിയൻ പൂർണ്ണമായി. രാഷ്ട്രരൂപീകരണത്തിന്റെ 55-ാം വാർഷികമാണ് യുഎഇ ഇത്തവണ ആഘോഷിക്കുന്നത്.
