ഷാർജ: അഞ്ചുമാസത്തോളം ശമ്പള കുടിശ്ശിക നൽകാതെ തൊഴിലുടമ പ്രയാസത്തിലാക്കിയ കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് സ്വദേശിനി നിഷ രാജന് ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും തിരികെ ലഭിച്ചു. തളിപ്പറമ്പ് മുൻ എം.എൽ.എയും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദൻ മാസ്റ്ററുടെ സമയോചിതമായ ഇടപെടലിലൂടെയാണ് നിയമക്കുരുക്കിലായ യുവതിക്ക് നീതി ലഭ്യമായത്.
രണ്ട് വർഷം മുൻപാണ് ബ്യൂട്ടീഷ്യനായ നിഷ രാജൻ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ഭർത്താവിനെയും മക്കളെയും നാട്ടിലാക്കി ഷാർജയിലെത്തിയത്. എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിൽ ഷാർജയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി സലൂണിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. എന്നാൽ അഞ്ചുമാസത്തെ ശമ്പളം നൽകാതെ ഉടമ ഇവരെ പ്രതിസന്ധിയിലാക്കുകയായിരുന്നു.
നിഷ തൊഴിൽ മന്ത്രാലയത്തിൽ പരാതി നൽകിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ പരാതി തള്ളപ്പെടുകയും കുടിശ്ശിക നൽകാതെ വിസ ക്യാൻസൽ ചെയ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് നിഷ എം.വി. ഗോവിന്ദൻ മാസ്റ്ററുടെ സഹായം തേടിയത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ യു.എ.ഇയിലെ പ്രമുഖ നിയമസഹായ സ്ഥാപനമായ യാബ് ലീഗൽ സർവീസസ് (YAB Legal Services) സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ രേഖാമൂലം വിവരം അറിയിച്ചു.
യാബ് ലീഗൽ സർവീസസ് അധികൃതർ സലൂൺ ഉടമയുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഉടമ വിമുഖത കാണിച്ചതോടെ കർശന നിയമനടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. നിയമനടപടി നേരിടേണ്ടി വരുമെന്ന് ഉറപ്പായതോടെ ഉടമ മധ്യസ്ഥർ മുഖേന ഒത്തുതീർപ്പിന് തയ്യാറായി. തുടർന്ന് നിഷയ്ക്ക് ലഭിക്കാനുണ്ടായിരുന്ന 8,000 ദിർഹം (ഏകദേശം രണ്ട് ലക്ഷത്തോളം ഇന്ത്യൻ രൂപ) ശമ്പള കുടിശ്ശികയും കോടതി ചെലവും ഉടമ കൈമാറിയതോടെ പ്രശ്നം രമ്യമായി പരിഹരിക്കപ്പെട്ടു.
യു.എ.ഇയിൽ തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള തർക്കങ്ങൾ സാധാരണമാണെന്നും നിയമസ്ഥാപനങ്ങളെ സമീപിക്കുന്നതിന് മുൻപ് പരസ്പരം സംസാരിച്ച് രമ്യതയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നത് അനാവശ്യമായ നിയമവ്യവഹാരങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നും യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി വ്യക്തമാക്കി.
