വാഷിംഗ്ടൺ: ഇറാനെതിരെ ഇനി സൈനിക നടപടികൾ തുടരേണ്ട ആവശ്യമില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. സൈനിക കാഴ്ചപ്പാടിൽ യുദ്ധം ഫലത്തിൽ അവസാനിച്ചുവെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട് ആവർത്തിച്ച അദ്ദേഹം, ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കില്ലെന്ന് ഉറപ്പാക്കുകയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.
ഫെഡറലിസ്റ്റ് സൊസൈറ്റിയിൽ സംസാരിക്കുകയായിരുന്നു റൂബിയോ. ഇറാന്റെ ആണവായുധ മോഹങ്ങൾ തടയുന്നതാണ് ഈ സംഘർഷത്തിലെ വിജയത്തിന്റെ പ്രധാന മാനദണ്ഡമെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവപദ്ധതി ഉയർത്തുന്ന ഭീഷണി ഭാവിയിലെ ഭരണകൂടങ്ങൾക്ക് കൈമാറാതെ ഇപ്പോൾ തന്നെ നേരിടാനാണ് ട്രംപ് തീരുമാനിച്ചതെന്നും റൂബിയോ വ്യക്തമാക്കി.
സംഘർഷം സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അമേരിക്കയിൽ ഇന്ധനവില വർധിച്ചതും ആഗോള സമ്പദ്വ്യവസ്ഥയിലുണ്ടായ ആഘാതവും ഭരണകൂടം തിരിച്ചറിയുന്നുണ്ട്. എന്നാൽ, ഇത്തരം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായാലും ഇറാന്റെ ആണവപദ്ധതി ഉയർത്തുന്ന സുരക്ഷാ ഭീഷണി അവഗണിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് ട്രംപ് ഭരണകൂടമെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി.
