പറന്നുയര്‍ന്നതിന് പിന്നാലെ 900 അടി താഴ്ചയിലേക്ക് വന്ന് എയര്‍ ഇന്ത്യ വിമാനം, രക്ഷപ്പെട്ടത് തലനാരിഴക്ക്



ഡല്‍ഹി: അഹമ്മദാബാദ് അപകടത്തിന് പിന്നാലെ എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനം അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്.

ഡല്‍ഹിയില്‍ നിന്ന് വിയന്നയിലേക്ക് പുറപ്പെട്ട വിമാനം ആകാശത്ത് നിന്ന് 900 അടി താഴ്ചയിലേക്ക് വന്നുവെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ പൈലറ്റുമാരുടെ ഇടപെടല്‍ കാരണം അപകടം ഒഴിവാകുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതെ പൈലറ്റുമാരെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരുന്നത് വരെയാണ് മാറ്റി നിര്‍ത്തിയത്.

ജൂണ്‍ 14 ന് പുലർച്ചെ 2.56 ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ബോയിംഗ് 777 വിമാനമാണ് വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 

പറന്നുയര്‍ന്ന ഉടനെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് വന്നത്. ഇതിനകം യാത്രക്കാര്‍ക്ക് അലര്‍ട്ടുകളും നല്‍കിയതായി പറയുന്നു.

എന്നാല്‍ പൈലറ്റുമാരുടെ ഇടപെടലിലൂടെ നിയന്ത്രണം വീണ്ടെടുക്കുകയും യാത്ര തുടരുകയും ചെയ്തു. ഏകദേശം ഒമ്പത് മണിക്കൂറും എട്ട് മിനിറ്റും നീണ്ട പറക്കലിന് ശേഷം സുരക്ഷിതമായി വിമാനം വിയന്നയില്‍ ഇറങ്ങുകയും ചെയ്തു. 

'പൈലറ്റുമാരില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് വിവരം സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിന് ജനറലിനെ ധരിപ്പിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ പൈലറ്റുമാരെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

സംഭവത്തില്‍ ഡിജിസിഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദീകരണം തേടി എയര്‍ ഇന്ത്യയുടെ സുരക്ഷാ വിഭാഗം തലവനെ വിളിപ്പിക്കുകയും ചെയ്തു. 

ജൂണ്‍ 12 ന് 242 യാത്രക്കാരുമായി അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്നു വീണതിന്റെ രണ്ട് ദിവസത്തിലാണ് ഈ സംഭവവും. അതിനാല്‍ ഗൗരവത്തിലാണ് വിഷയത്തെ അധികാരികള്‍ നോക്കുന്നത്.

വളരെ പുതിയ വളരെ പഴയ