കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്‌പോണ്‍സറുടെ വീട്ടില്‍ മയക്കുമരുന്ന് സൂക്ഷിക്കുകയും വിതരണം നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രവാസി അറസ്റ്റിൽ
കുവൈത്ത് പൗരന്റെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു പ്രവാസിയാണ് അറസ്റ്റിലായത്. ഏഴ് പാക്കറ്റ് ഷാബു (മെത്താംഫെറ്റാമൈൻ), ക്രിസ്റ്റല്‍ മെത്ത്, വിവിധ രാസവസ്തുക്കള്‍ എന്നിവ ഇയാളുടെ പക്കല്‍ നിന്നും പിടികൂടി.
മയക്കുമരുന്ന് കൈവശം വെച്ചതിനും വിതരണം ചെയ്തതിനുമാണ് പ്രതിയെ പിടികൂടിയത്. ജാബ്രിയയിലെ അന്വേഷണ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
ആർട്ടിക്കിള്‍ 20 റസിഡൻസി പെർമിറ്റുള്ള ഒരു വിദേശി കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വലിയ തോതില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി അന്വേഷണ ഉദ്യോഗസ്ഥർക്ക രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗാര്‍ഹിക തൊഴിലാളിയായി ജോലി ചെയ്തിരുന്ന പ്രതിയെ പോലീസ് പിടികൂടിയത്. ജാബ്രിയയിലെ തന്‍റെ സ്പോണ്‍സറുടെ വീട്ടിലെ മുറിയാണ് പ്രതി മയക്കുമരുന്ന് സൂക്ഷിക്കാൻ ഉപയോഗിച്ചിരുതെങ്ങ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതിയെ അന്വേഷണ സംഘം നിരീക്ഷിച്ച് വരുന്നതിനിടെയായിരുന്നു അറസ്റ്റ്. പ്രതി താമസിക്കുന്ന സ്ഥലവും സ്പോണ്‍സറുടെ വാഹനവും പോലീസ് പരിശോധിച്ചു. ഇതിനിടെയാണ് മെത്താംഫെറ്റാമൈനും ക്രിസ്റ്റല്‍ മെത്തും ഉള്‍പ്പെടെ വിവിധ രാസവസ്തുക്കള്‍ കണ്ടെടുക്കുന്നത്.
ഇയാളുടെ മുറിയില്‍ നിന്നും മയക്കുമരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍, ഒരു ഡിജിറ്റല്‍ വെയിംഗ് സ്കെയില്‍, മയക്കുമരുന്ന് വില്‍പ്പനയില്‍ നിന്നും ലഭിച്ച പണം എന്നിവയും പിടികൂടി.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് പ്രതി കുറ്റസമ്മതം നടത്തി. എന്നാല്‍ ഇയാള്‍ക്ക് ഇവിടെ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നോ ആരാണ് നല്‍കിയതെന്നോ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പ്രതിക്കെതിരെ കൂടുതല്‍ നിയമ നടപടികള്‍ സ്വീകരിക്കാനായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.