ദുബൈ: ദെയ്റയിലെ തിരക്കേറിയ അപ്പാർട്ട്മെന്റുകളിൽ അനധികൃത മുറി പങ്കിടൽ രീതികൾ മൂലം താമസക്കാർ ശബ്ദ മലിനീകരണം, തിരക്ക്, സുരക്ഷാ ആശങ്കകൾ എന്നിവ നേരിടുന്നതായി റിപ്പോർട്ട്. താമസക്കാർ ശബ്ദ മലിനീകരണം, തിരക്ക്, സുരക്ഷാ ആശങ്കകൾ എന്നിവ നേരിടുന്നതായി റിപ്പോർട്ട്.
ഒരു ഫ്ലാറ്റിൽ 30 മുതൽ 35 പേർ വരെ താമസിക്കുന്നത് കെട്ടിടങ്ങളിലെ ജീവിത നിലവാരം താഴ്ത്തുന്നതായി നിവാസികളിൽ പലരും പരാതിപ്പെടുന്നു.
തിരക്കും ശല്യവും
'ഒരു കാലത്ത് ഈ കെട്ടിടം പ്രദേശത്തെ ഏറ്റവും ആകർഷകമായിരുന്നു. എന്നാൽ, കോവിഡിന് ശേഷം പല ഫ്ലാറ്റുകളും പാർട്ടീഷനുകൾ ഉപയോഗിച്ച് ചെറിയ മുറികളാക്കി മാറ്റി.
ചില ഫ്ലാറ്റുകളിൽ 35 പേർ വരെ താമസിക്കുന്നു.' ദെയ്റ ട്വിന് ടവറിന് സമീപമുള്ള ഒരു അപ്പാർട്ട്മെന്റിൽ 25 വർഷത്തിലേറെ താമസിക്കുന്ന അസീം പറഞ്ഞു.
തിരക്ക് നിയന്ത്രിക്കാൻ കെട്ടിട മാനേജ്മെന്റ് ഓരോ ഫ്ലാറ്റിനും മൂന്ന് ആക്സസ് കാർഡുകൾ മാത്രം നൽകിയിട്ടുണ്ട്.
'അതിനാൽ ഞങ്ങളെ കാണാൻ അതിഥികൾ ആരെങ്കിലും വന്നാൽ, ആരെങ്കിലും പുറത്തു കടന്ന് അകത്തു നിന്ന് വാതിൽ തുറക്കുന്നതു വരെ അവർ പ്രധാന കവാടത്തിന് പുറത്ത് കാത്തിരിക്കണം. ഇത് നാണക്കേടാണ്,' അസീം വ്യക്തമാക്കി.
ലിഫ്റ്റിലെ കാത്തിരിപ്പും ശുചിത്വ പ്രശ്നങ്ങളും
കെട്ടിടത്തിലെ ലിഫ്റ്റുകൾക്കായി 10-15 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വരുന്നതായി താമസക്കാർ പറയുന്നു. 'ലിഫ്റ്റ് എല്ലാ നിലയിലും നിർത്തുന്നു, ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്' അസീം പറഞ്ഞു.
ദെയ്റയിലെ മറ്റൊരു കെട്ടിടത്തിലെ താമസക്കാർ, ഇടനാഴികളിലും പടികളിലും മാലിന്യം കൂട്ടിയിടുന്നതിനാൽ ശുചിത്വ പ്രശ്നങ്ങൾ രൂക്ഷമാണെന്ന് മറ്റു ചിലർ ചൂണ്ടിക്കാട്ടി.
'ചില പ്രദേശങ്ങളിൽ ദുർഗന്ധം അസഹനീയമാണ്. ഇത് കുട്ടികളെ സംബന്ധിച്ച് അത്ര സുരക്ഷിതല്ല,' ഒരു നിവാസി പറഞ്ഞു.
ശബ്ദവും തർക്കങ്ങളും
യൂണിയൻ മെട്രോ സ്റ്റേഷൻ സമീപമുള്ള മറ്റൊരു കെട്ടിടത്തിൽ, രാത്രി വൈകിയുള്ള ഉച്ചത്തിലുള്ള സംഗീതവും ഇടനാഴികളിലെ ശല്യവും കുടുംബങ്ങളെ അസ്വസ്ഥരാക്കുന്നു.
'രാത്രിയിൽ ഞങ്ങളുടെ കുട്ടികൾ നിലവിളി കേട്ടാണ് ഉണരുന്നത്. ഞാൻ പല തവണ അയൽ വാസികളോട് സംസാരിച്ചിട്ടുണ്ട്, പക്ഷേ മാറ്റമില്ല,' രണ്ട് കുട്ടികളുടെ മാതാവായ ഹിബ പറഞ്ഞു.
'ഇടനാഴികളിൽ എപ്പോഴും ആളുകൾ ഉണ്ടാകും. ഇത് ഒരു ഹോസ്റ്റൽ ആണെന്ന തോന്നലാണിപ്പോൾ, ഞങ്ങളുടെ റെസിഡൻഷ്യൽ കെട്ടിടം ഇപ്പോൾ ശാന്തമല്ല,' അവരുടെ ഭർത്താവ് കൂട്ടിച്ചേർത്തു.
വീട്ടുടമകളും റിയൽ എസ്റ്റേറ്റ് ഏജന്റുകളും
അനധികൃത മുറി പങ്കിടലിന് പിന്നിൽ വീട്ടുടമകളും റിയൽ എസ്റ്റേറ്റ് ഏജന്റുമാർ ഒത്തു ചേർന്ന് പ്രവർത്തിക്കുന്നതായി താമസക്കാര് ആരോപിക്കുന്നു.
'ഒരു 2BHK ഫ്ലാറ്റ് 810 ക്യുബിക്കിളുകളാക്കി 15-20 പേർക്ക് വാടകയ്ക്ക് നൽകുന്നു. ഇതിലൂടെ 6,000 ദിർഹത്തിന് പകരം 8,000-10,000 ദിർഹം വരെ വരുമാനം ലഭിക്കുന്നതിനാൽ വീട്ടുടമകൾ ഇതിന് സമ്മതിക്കുന്നു,' ദെയ്റയിലെ നിവാസിയായ നവീന് പറഞ്ഞു.
അധികാരികളുടെ ഇടപെടൽ ആവശ്യം
ഈ രീതികൾ കെട്ടിടങ്ങളിലെ തിരക്കിനും അസ്വസ്ഥതകൾക്കും കാരണമാകുന്നുണ്ടെന്ന് താമസക്കാർ ചൂണ്ടിക്കാട്ടുന്നു. 'അനധികൃത പാർട്ടീഷനുകൾക്കും വാടകയ്ക്കും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം,' അവർ ആവശ്യപ്പെട്ടു.
ഒരു കാലത്ത് ദുബൈയിലെ ഏറ്റവും മികച്ച റെസിഡന്ഷ്യൽ കെട്ടിടങ്ങളായിരുന്നവ ഇപ്പോൾ താമസക്കാർക്ക് നിരാശയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.