റിയാദ്: പെട്രോള്‍ പമ്പില്‍ കാലിത്തീറ്റ നിറച്ച ട്രക്കിന് തീപിടിച്ചതിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായത് ഒരു യുവാവിന്‍റെ സമയോചിത ഇടപെടലിലൂടെയാണ്.
സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയിലെ ദവാദ്മിയിലാണ് സംഭവം. കാലിത്തീറ്റ നിറച്ചെത്തിയ ട്രക്കിന് പെട്രോള്‍ പമ്പില്‍ വെച്ച് തീപിടിക്കുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന സൗദി പൗരൻ മാഹിർ ഫഹദ് അല്‍ ദല്‍ബാഹിയുടെ അസാധാരണ ധൈര്യമാണ് വലിയ ദുരന്തം ഒഴിവാക്കിയത്. തീ ആളിത്തുടങ്ങിയ ട്രക്കിലേക്ക് യുവാവ് ഓടിക്കയറി ട്രക്ക് പെട്രോള്‍ പമ്പില്‍ നിന്ന് ഓടിച്ചു കൊണ്ടു പോകുകയായിരുന്നു.
ജീവന്‍ പണയം വെച്ച് യുവാവ് നടത്തിയ സാഹസിക പ്രവൃത്തിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
ട്രക്കില്‍ നിന്ന് തീപടര്‍ന്ന് പമ്പിലെ ഇന്ധന ടാങ്കുകളിലേക്കും വ്യാപിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട യുവാവ് അതി സാഹസികമായാണ് ട്രക്ക് അവിടെ നിന്ന് ഓടിച്ചു മാറ്റിയത്.
ട്രക്കിന് തീപിടിച്ചതിന് പിന്നാലെ ട്രക്ക് ഡ്രൈവര്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഇതിന് കഴിഞ്ഞില്ല. ഇത് കണ്ടു നിന്ന മാഹിർ ഫഹദ് അല്‍ ദല്‍ബാഹി മറ്റൊന്നും ചിന്തിക്കാതെ ട്രക്കിലേക്ക് ഓടിക്കയറുകയായിരുന്നു.
സ്വന്തം ഗ്രാമമായ അല്‍ സാലിഹിയയിലേക്കുള്ള യാത്രക്കിടെ സമീപത്തെ ഒരു കടയില്‍ സാധനം വാങ്ങാന്‍ നിന്നപ്പോഴാണ് ട്രക്കിന് തീപിടിച്ചത് താൻ കാണുന്നതെന്നും പെട്രോള്‍ പമ്പിലേക്ക് തീ പടര്‍ന്നാല്‍ വലിയ സ്ഫോടനവും വന്‍ ദുരന്തവും ഉണ്ടാകുമെന്ന് മനസ്സിലാക്കി സംയോജിതമായി പ്രവർത്തിക്കുകയായിരുന്നുവെന്നും മാഹിൽ.
പെട്രോള്‍ പമ്പും അവിടെ കൂടിയിരുന്നവരെയും രക്ഷിക്കണമെന്ന ചിന്ത മാത്രമാണ് ആ സമയത്ത് മനസ്സില്‍ ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഉടന്‍ തന്നെ താന്‍ ട്രക്കിലേക്ക് ഓടിക്കയറുകയായിരുന്നെന്നും ഇന്ധന ടാങ്കുകളില്‍ നിന്ന് അകലെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് ഓടിച്ചു മാറ്റിയതായും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാഹില്‍ പറഞ്ഞു.
രക്ഷാ പ്രവര്‍ത്തനത്തിനിടെ മാഹിറിന്‍റെ മുഖത്തും തലയിലും കൈകാലുകളിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സ്ഥലത്തെത്തിയ രക്ഷാ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഉടന്‍ തന്നെ റിയാദിലെ കിങ് സൗദ് മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റി.