ബിനാമി ബിസിനസ് കേസ്; പ്രവാസിക്കും സൗദി പൗരനും 40,000 റിയാല്‍ പിഴ

 


അബഹ : ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരായ പ്രവാസിക്കും സൗദി പൗരനും അസീര്‍ അപ്പീല്‍ കോടതി 40,000 റിയാല്‍ പിഴ ചുമത്തി. വിദേശ നിക്ഷേപക ലൈസന്‍സ് നേടാതെയും സൗദിയിലെ നിയമങ്ങള്‍ ലംഘിച്ചും അബഹയില്‍ ടൂറിസ്റ്റുകള്‍ക്ക് പാര്‍പ്പിട യൂണിറ്റുകള്‍ വാടകക്ക് നല്‍കുന്ന മേഖലയില്‍ ബിസിനസ് സ്ഥാപനം നടത്തിയതിൻ്റെ പേരിലാണ് പിടികൂടി ശിക്ഷിച്ചത്. യെമനി പൗരന്‍ അയ്മന്‍ ഇബ്രാഹിം ഉമര്‍ ഉസ്മാന്‍, സൗദി പൗരന്‍ മഹ്മൂദ് അഹ്മദ് അലി അസീരി എന്നിവരാണ് പിടിയിലായത്.

ബിനാമി സ്ഥാപനം അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും വിധിച്ചിട്ടുണ്ട്. ഈ മേഖലയില്‍ ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്നതില്‍ നിന്ന് സൗദി പൗരന് അഞ്ചു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. യെമനിയെ സൗദിയില്‍ നിന്ന് നാടുകടത്താനും പുതിയ തൊഴില്‍ വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താനും കോടതി വിധിച്ചു. സൗദിയില്‍ ബിനാമി കേസ് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. ബിനാമി ബിസിനസുകളിലൂടെ അനധികൃതമായി സമ്പാദിക്കുന്ന പണം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കണ്ടുകെട്ടുകയും ചെയ്യും

വളരെ പുതിയ വളരെ പഴയ