സൗദി അറേബ്യ: ടൂറിസം മേഖലയില്‍ പുതിയ തൊഴില്‍ നയങ്ങള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യന്‍ ടൂറിസം മന്ത്രാലയം. ലോക്കലൈസേഷൻ (സൗദിസേഷൻ) നിർദ്ദേശിക്കപ്പെട്ട ജോലികള്‍ രാജ്യത്തിന് പുറത്തുള്ള സ്ഥാപനങ്ങള്‍ക്കോ തൊഴിലാളികള്‍ക്കോ ഔട്ട്സോഴ്സ് ചെയ്യുന്നത് നിരോധിച്ചു കൊണ്ട് മന്ത്രാലയം ഉത്തരിവിറക്ക്.
ഈ നിയമങ്ങള്‍ രാജ്യത്തെ എല്ലാ ലൈസൻസ്ഡ് ടൂറിസം സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കും.
സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങള്‍ വർധിപ്പിക്കുക, ടൂറിസം മേഖലയിലെ പ്രാദേശിക വിദഗ്ധരെ ശക്തിപ്പെടുത്തുക, സേവന നിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം അറിയിച്ചു.
ഔട്ട്സോഴ്സിംഗ് അനുവദിക്കുന്നത് മന്ത്രാലയം ലൈസൻസ് ചെയ്ത സ്ഥാപനങ്ങള്‍ക്കോ മനുഷ്യ വിഭവ മന്ത്രാലയം (HRSD) അംഗീകരിച്ച സൗദി തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കോ മാത്രമായിരിക്കും. പുതിയ നിയമം വിദേശ കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും വലിയ തിരിച്ചടിയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ നിയമങ്ങള്‍ ടൂറിസം മേഖലയിലെ തൊഴില്‍ രജിസ്ട്രേഷനും പ്രാദേശികവത്കരവും സംബന്ധിച്ച് വിശദമായ മാർഗ്ഗ നിർദ്ദേശങ്ങള്‍ നല്‍കുന്നു. എല്ലാ ടൂറിസം സ്ഥാപനങ്ങളും തൊഴിലാളികളെ ജോലി ആരംഭിക്കുന്നതിന് മുമ്പ് HRSD-യില്‍ രജിസ്റ്റർ ചെയ്യണം.
സബ്‌കോണ്‍ട്രാക്റ്റഡ്, സീസണല്‍, അല്ലെങ്കില്‍ സെക്കൻഡഡ് സ്റ്റാഫിന്റെ കരാറുകള്‍ 'അജീർ' (Ajeer) പ്ലാറ്റ്ഫോമിലൂടെയോ മറ്റ് അംഗീകൃത സിസ്റ്റങ്ങളിലൂടെയോ പ്രോസസ് ചെയ്യണം. ഒന്നിലധികം ബ്രാഞ്ചുകള്‍ പ്രവർത്തിപ്പിക്കുന്ന കമ്പനികള്‍ക്ക്, ഓരോ ബ്രാഞ്ചിന്റെയും ടൂറിസം ലൈസൻസിന് കീഴില്‍ തൊഴിലാളികളെ രജിസ്റ്റർ ചെയ്യണം.
പ്രത്യേകിച്ച്, എല്ലാ ലൈസൻസ്ഡ് ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളിലും പ്രവർത്തന സമയങ്ങളില്‍ സൗദി റിസപ്ഷനിസ്റ്റ് ഉണ്ടായിരിക്കണം.
ഔട്ട്സോഴ്സിംഗ് സൗദിസേഷൻ നിയമങ്ങള്‍ക്ക് വിധേയമായ ജോലികളെ ബാധിക്കില്ലെന്നും, പ്രാഥമിക തൊഴിലുടമകള്‍ക്ക് ഇപ്പോഴും ഉത്തരവാദിത്തം ഉണ്ടെന്നും നിയമങ്ങള്‍ വ്യക്തമാക്കുന്നു.
പ്രാദേശികവത്കരണം നിരക്ക് 2028-ഓടെ 50% ആക്കി ഉയർത്താനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ നടപടികള്‍. 2026 ഏപ്രില്‍ 22 മുതല്‍ ആരംഭിക്കുന്ന ആദ്യഘട്ടത്തില്‍ 40% നിരക്ക്, 2027 ജനുവരി 3 മുതല്‍ 45%, 2028 ജനുവരി 2 മുതല്‍ 50% എന്നിവയാണ് ഘട്ടങ്ങള്‍.
സൗദിസേഷൻ (Nitaqat പ്രോഗ്രാം) സൗദി അറേബ്യയുടെ 'വിഷൻ 2030' പദ്ധതിയുടെ പ്രധാന ഭാഗമാണ്. ടൂറിസം മേഖലയില്‍ 41 തൊഴിലുകളാണ് പ്രാദേശികവത്കരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ ആദ്യ ഘട്ടത്തില്‍ 28 റോളുകള്‍ ഉള്‍പ്പെടുന്നു.
ഇതില്‍ നാല് റോളുകള്‍ പൂർണമായി ലോക്കലൈസ് ചെയ്യും, ബാക്കി 50-70% സൗദി തൊഴിലാളികളാകും. റിസപ്ഷനിസ്റ്റ്, ജനറല്‍ മാനേജർ, ഓപ്പറേഷണല്‍ റോളുകളും ഇതില്‍ ഉള്‍പ്പെടുന്നു.
നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് മനസ്സിലാക്കുന്നതിനായി മന്ത്രാലയം HRSD-യുമായി ചേർന്ന് കർശനമായ നിരീക്ഷണം നടത്തും. ക്വോട്ടകള്‍ പാലിക്കാത്തവർക്ക് പിഴയും മറ്റ് ശിക്ഷകളും ഏർപ്പെടുത്തും.
ജോലി ടൈറ്റിലുകള്‍ മാറ്റി നോണ്‍-സൗദിമാരെ നിയമിക്കുന്നത് പോലുള്ള ലംഘനങ്ങള്‍ക്ക് കടുത്ത നടപടികള്‍ സ്വീകരിക്കും. എല്ലാ ടൂറിസം സ്ഥാപനങ്ങളും നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.