ദുബായ്: വാഹനങ്ങളുടെ അമിത ശബ്ദം മൂലം പൊറുതിമുട്ടുന്ന ദുബായ് നിവാസികൾക്ക് ആശ്വാസമായി ദുബായ് പൊലീസിന്റെ പുതിയ പദ്ധതി.
അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ പിടികൂടാനായി 'നോയ്സ് റഡാർ' സംവിധാനം വിപുലീകരിക്കാൻ ഒരുങ്ങുകയാണ് ദുബായ് പൊലീസ്. ഇനി മുതൽ സൈലൻസർ മാറ്റിയ വണ്ടിയോടിച്ചാൽ 2,000 ദിർഹം വരെ പിഴയൊടുക്കേണ്ടി വരും.
ഈ നീക്കം ദുബായിയുടെ ലക്ഷ്യങ്ങളിലൊന്നായ ലോകത്തിലെ ഏറ്റവും ശാന്തവും സമാധാനപരവുമായ നഗരമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. അതുപോലെ നഗരത്തിന്റെ സൗന്ദര്യവും, പൗരബോധവും ഉയർത്താനും ഇത് ലക്ഷ്യമിടുന്നു.
കൂടുതൽ 'നോയ്സ് റഡാറുകൾ' വരുന്നു, ശബ്ദമുണ്ടാക്കുന്നവർ കുടുങ്ങും
ദുബായ് പൊലീസ് അവരുടെ 'നോയ്സ് റഡാർ' സംവിധാനം നഗരത്തിലെ എല്ലാ ഭാഗത്തേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ കൂടുതൽ റഡാറുകൾ സ്ഥാപിക്കാനാണ് തീരുമാനം.
ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം രൂപീകരിച്ച ദുബായ് സിറ്റി കമ്മിറ്റിയാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്.
ഈ റഡാറുകൾ അനാവശ്യമായി ഹോൺ അടിക്കുന്നവരെയും, വാഹനങ്ങളിലെ ഉച്ചത്തിലുള്ള ശബ്ദ സംവിധാനങ്ങളും നിരീക്ഷിക്കും.
നിയമ ലംഘകരെ പിടികൂടാൻ അത്യാധുനിക സംവിധാനങ്ങൾ ഉയർന്ന ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ, ഉച്ചത്തിലുള്ള ഓഡിയോ ഉപകരണങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾ, അനാവശ്യമായി ഹോൺ അടിക്കുന്ന വാഹനങ്ങൾ എന്നിവയ്‌ക്കെതിരെ കർശന നടപടിയുണ്ടാകും.
ഇങ്ങനെയുള്ള നിയമ ലംഘകർക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ചുകിട്ടാൻ 10,000 ദിർഹം വരെ പിഴയടയ്‌ക്കേണ്ടി വരും.
ഈ സ്മാർട്ട് റഡാറുകൾ പരിസ്ഥിതിക്ക് ദോഷകരമായ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കും.
വാഹനങ്ങളുടെ ശബ്ദം കൃത്യമായി അളക്കാനും, ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താനും, നിയമ ലംഘനം നടത്തുന്ന വാഹനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പകർത്താനും ഈ റഡാറുകൾക്ക് കഴിയും.
ഈ പുതിയ സംവിധാനം ദുബായ് പൊലീസിൻ്റെ സ്മാർട്ട് ട്രാഫിക് സാങ്കേതിക വിദ്യയിലെ ഒരു വലിയ മുന്നേറ്റമാണെന്നും, ഇത് റോഡുകളിൽ കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുമെന്നും ദുബായ് പൊലീസ് മേധാവി മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്‌റൂയി അഭിപ്രായപ്പെട്ടു.
ദുബായ് നഗരത്തിൽ ശബ്ദ മലിനീകരണം കുറയ്ക്കുന്നതിനും, പൊതുജനങ്ങളുടെ സ്വസ്ഥ ജീവിതത്തിന് ഭംഗം വരുത്തുന്ന രീതിയിലുള്ള പ്രവർത്തികൾ ഇല്ലാതാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
