കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ മേഖലകളില്‍ ഇലക്‌ട്രിക് സ്കൂട്ടറുകളുടെയും സൈക്കിളുകളുടെയും ഉപയോഗം ക്രമീകരിക്കുന്നതിനായി പുതിയ നിയമാവലി രൂപീകരിക്കുന്നു.
കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറല്‍ എഞ്ചിനീയർ മനാല്‍ അല്‍ അസ്ഫൂർ ആണ് ഇതു സംബന്ധിച്ച പ്രത്യേക സമിതി രൂപീകരിച്ച് ഉത്തരവിറക്കിയത്.
പൊതുനിരത്തുകളില്‍ സ്കൂട്ടറുകള്‍ ഓടിക്കുന്നത് അപകടങ്ങള്‍ക്കും തടസ്സങ്ങള്‍ക്കും കാരണമാകുന്നു എന്ന പരാതികളെത്തുടർന്നാണ് ഈ നീക്കം. മുനിസിപ്പാലിറ്റി ഡയറക്ടർ ജനറല്‍ മനാല്‍ അല്‍ അസ്ഫൂർ സമിതിക്ക് നേതൃത്വം നല്‍കും.
വാണിജ്യ-വ്യവസായ മന്ത്രാലയം, പൊതുമരാമത്ത് മന്ത്രാലയം, ധന മന്ത്രാലയം, ടൂറിസം പ്രോജക്‌ട് കമ്പനി തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളിലെ പ്രതിനിധികള്‍ സമിതിയിലുണ്ടാകും. അയല്‍ രാജ്യങ്ങളിലും മറ്റ് വിദേശ രാജ്യങ്ങളിലും നിലവിലുള്ള സ്കൂട്ടർ-സൈക്കിള്‍ നിയമങ്ങള്‍ സമിതി പഠന വിധേയമാക്കും.
സ്കൂട്ടർ, സൈക്കിള്‍ സേവനങ്ങള്‍ നല്‍കുന്ന കമ്ബനികളില്‍ നിന്ന് വാഹനങ്ങളുടെ വേഗത, വലിപ്പം, ലൈസൻസിംഗ് തുടങ്ങിയ വിവരങ്ങള്‍ സമിതി ശേഖരിക്കും.
സ്കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കാൻ അനുയോജ്യമായ റൂട്ടുകള്‍ നിശ്ചയിക്കും. വാഹനങ്ങള്‍ക്കും അവ ഉപയോഗിക്കുന്നവർക്കും ലൈസൻസ് നിർബന്ധമാക്കുന്നത് പരിഗണിക്കും.
നിലവില്‍ കുവൈത്തിലെ പ്രധാന ഹൈവേകളിലും നടപ്പാതകളിലും ഇലക്‌ട്രിക് സ്കൂട്ടറുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. പുതിയ നിയമാവലി വരുന്നതോടെ ഇവയുടെ ഉപയോഗം കൂടുതല്‍ വ്യവസ്ഥാപിതമാകും.

