സൗദി അറേബ്യ: മക്കയിലെ മസ്ജിദുല്‍ ഹറാമിലാണ് സംഭവം. മസ്ജിദുല്‍ ഹറാമിലെത്തുന്ന തീർത്ഥാടകരുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടതാണ് ഈ സുരക്ഷാ ഉദ്യോഗസ്ഥൻ.
റയാൻ അല്‍ അസീരി എന്ന സൈനികന്റെ ധീരകൃത്യം സുരക്ഷാ ഉദ്യോഗസ്ഥരുടെ അർപ്പണ ബോധത്തിന് തെളിവായി മാറിയിരിക്കുകയാണ്. സ്വന്തം ശരീരം ഒരു സുരക്ഷാ കവചമാക്കി തടഞ്ഞു നിർത്തിയാണ് റയാൻ തീർത്ഥാടകനെ രക്ഷിച്ചത്.
താഴെ വീണ തീർത്ഥാടകന്റെ ആഘാതം കുറയ്ക്കാനും ജീവൻ രക്ഷിക്കാനുമുള്ള ശ്രമത്തിനിടെ റയാൻ അല്‍ അസീരിക്ക് പരിക്കേല്‍ക്കുകയും നിലവില്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലുമാണ്.
സമൂഹ മാധ്യമമായ 'എക്‌സി'ല്‍ അദ്ദേഹത്തിന്റെ ചികിത്സാ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ, ലോകമെമ്പാടുമുള്ള ആളുകള്‍ ഈ ധീരതയെ വാനോളം പുകഴ്ത്തുകയാണ്.
തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സൗദി അറേബ്യൻ സുരക്ഷാ സേന പുലർത്തുന്ന ജാഗ്രതയ്ക്കും തയ്യാറെടുപ്പിനും ഉത്തമ ഉദാഹരണമാണ് ഈ സംഭവമെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു.
വിശുദ്ധ മസ്ജിദിലെത്തുന്നവർക്ക് സമാധാനത്തോടെയും സുരക്ഷിതമായും ആരാധനകള്‍ നിർവഹിക്കാൻ ഭരണകൂടം ഒരുക്കുന്ന വിപുലമായ സുരക്ഷാ സംവിധാനങ്ങളെയും സൈനികരുടെ സേവനസന്നദ്ധതയെയും ഈ സംഭവം വീണ്ടും അടിവരയിടുന്നു.
സ്വന്തം ജീവൻ പോലും പണയപ്പെടുത്തി മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച റയാൻ അല്‍ അസീരിക്ക് വലിയ രീതിയിലുള്ള പ്രശംസയാണ് സോഷ്യല്‍ മീഡിയയില്‍ ഉടനീളം ലഭിച്ചു കൊണ്ടിരിക്കുന്നത്.
സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുല്‍ അസീസ് ബിൻ സഊദ്
മസ്ജിദുല്‍ ഹറാമില്‍ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ സൈനികൻ റയാൻ അല്‍ അസീരിയെ സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുല്‍ അസീസ് ബിൻ സഊദ് നേരിട്ട് ഫോണില്‍ വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചു.
രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ മൂല്യങ്ങളുടെയും അർപ്പണ ബോധത്തിന്റെയും ഉത്തമ ഉദാഹരണമാണ് റയാന്റെ പ്രവൃത്തിയെന്ന് മന്ത്രി പ്രശംസിച്ചു.
അപകടകരമായ സാഹചര്യത്തിലും റയാൻ കാണിച്ച ജാഗ്രതയും ധീരതയും വെറും ഔദ്യോഗിക കൃത്യനിർവഹണം മാത്രമല്ല, മറിച്ച് മാനുഷിക മൂല്യങ്ങളുടെയും നിസ്വാർത്ഥതയുടെയും അടയാളമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള റയാൻ എത്രയും വേഗം സുഖം പ്രാപിച്ച് വീണ്ടും കർമ്മപഥത്തിലേക്ക് തിരിച്ചെത്തട്ടെ എന്ന് മന്ത്രി ആശംസിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇത്തരം ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങള്‍ തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

