കണ്ണൂര്‍ സ്വദേശികളായ ദമ്പതികളെ കണ്ണീരിലാഴ്ത്തി വിധി; ഹെലൻ റോസിന് വില്ലനായത് വൈറല്‍ ബാധയെത്തുടര്‍ന്നുള്ള മസ്തിഷ്ക രക്തസ്രാവം; മൃതദേഹം നാട്ടിലെത്തിക്കാൻ യുകെ മലയാളി സമൂഹം


യുകെ:ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാണ് വെറും അഞ്ച് മാസം മാത്രം പ്രായമുള്ള ജെസീക്ക എന്ന മാലാഖ കുട്ടിയുടെ വേര്‍പാട് യുകെ മലയാളികള്‍ക്ക് നൊമ്പരമായി മാറിയത്.

അമ്മക്കൊപ്പം കിടന്നുറങ്ങിയ പിഞ്ചുകുഞ്ഞിന്റെ മരണ വാര്‍ത്ത നല്കിയ നടുക്കം മാറും മുമ്പേ മലയാളി സമൂഹത്തെ തേടി മറ്റൊരു മരണ വാര്‍ത്ത എത്തി യിരിക്കുകയാണ്. നോര്‍വിച്ചില്‍ നിന്നാണ് നാല് വയസുകാരിയുടെ മരണവാര്‍ത്ത ഇന്ന് യുകെ മലയാളികളെ തേടിയെത്തുന്നത്.

കണ്ണൂര്‍ ജില്ലയിലെ കാക്കയങ്ങാട് സ്വദേശികളായ അബിന്‍ ടോം-ക്ലാരിറ്റ് ജോര്‍ജ് ദമ്പതികളുടെ ഇളയമകളായ ഹെലന്‍ റോസാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. 

കഴിഞ്ഞ വ്യാഴാഴ്ച ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഹെലനെ നോര്‍വിച്ചിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിജിലെ അഡന്‍ബ്രൂക്‌സ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

അടുത്തിടെ ബാധിച്ച വൈറല്‍ രോഗത്തെ തുടര്‍ന്ന് മസ്തിഷ്‌കത്തില്‍ രക്തസ്രാവം ഉണ്ടാവുകയും രക്തക്കുഴലുകളില്‍ തടസ്സം രൂപപ്പെടുകയും ചെയ്തതാണ് മരണത്തിലേക്ക് നയിച്ചതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. കുട്ടിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് മരണകാരണം സംബന്ധിച്ച്‌ ചില അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. 

എന്നാല്‍, കുഞ്ഞിന്റെ തലയില്‍ യാതൊരുവിധ ബാഹ്യക്ഷതങ്ങളും ഉണ്ടായിട്ടില്ലെന്നും കടുത്ത വൈറല്‍ ബാധയെത്തുടര്‍ന്ന് മസ്തിഷ്‌കത്തിനുള്ളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നുവെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ യുകെയിലെത്തി ജീവിതം കെട്ടിപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ഈ ദമ്പതികളെ വിധി കണ്ണീരിലാഴ്ത്തിയിരിക്കുന്നത്. നിലവില്‍ ഹെലന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കരിക്കാനാണ് മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങള്‍ യുകെയിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

മൂന്നു വര്‍ഷം മുമ്പ് തൊഴില്‍ ആവശ്യാര്‍ത്ഥം ക്ലാരിറ്റ് യുകെയിലെത്തുകയും തുടര്‍ന്ന് അബിനും യുകെയിലെത്തുകയായിരുന്നു. 

ഒരു വര്‍ഷം മുമ്പാണ് ഹെലനും ഏഴു വയസ്സുകാരനായ സഹോദരന്‍ ജുവാനും മാതാപിതാക്കള്‍ക്കൊപ്പം യുകെയില്‍ എത്തിയത്. സന്തോഷകരമായി മുന്നേറിക്കൊണ്ടിരുന്ന കുടുംബ ജീവിതത്തിനിടെയാണ് ഈ അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്.

വളരെ പുതിയ വളരെ പഴയ