യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ട ദമ്പതികളെ കരിമ്പ് പാടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി;ഒരു വയസുകാരി മകളെ മൃതദേഹങ്ങള്‍ക്കരികില്‍ ജീവനോടെ കണ്ടെത്തി


ഗ്വാട്ടിമാല സിറ്റി: അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട ഗ്വാട്ടിമാല സ്വദേശിയും ഭാര്യയും സ്വന്തം നാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

ദമ്പതികളുടെ ഒരു വയസുകാരിയായ മകള്‍ മൃതദേഹങ്ങള്‍ക്കരികില്‍ ജീവനോടെ കണ്ടെത്തിയ സംഭവം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. 

ഗ്വാട്ടിമാലയിലെ തെക്കുപടിഞ്ഞാറൻ മേഖലയായ റെറ്റാലുലേയുവിന് സമീപമുള്ള കരിമ്പ് പാടത്തിലാണ് 43-കാരനായ നിക്‌സണ്‍ ജിയോവാനി പെരസിന്റെയും ഭാര്യ ഗ്ലെൻഡി മാരിസോള്‍ ഗോണ്‍സാലസിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

 ഇരുവരുടെയും കൈകള്‍ പിന്നില്‍ കെട്ടിയ നിലയിലായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത്. പെരസിന്റെ കഴുത്തില്‍ വെടിയേറ്റതിന്റെ ലക്ഷണങ്ങളും ഗോണ്‍സാലസിന്റെ തലയ്ക്ക് ഗുരുതര പരിക്കുകളും കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് വെടിയുണ്ടകളുടെ അവശിഷ്ടങ്ങളും ഒരു ചെരിപ്പും ഒരു മോട്ടോർസൈക്കിളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ദമ്പതികളുടെ ഒരു വയസുള്ള മകള്‍ മൃതദേഹങ്ങള്‍ക്കരികില്‍ ജീവനോടെയായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് മക്കളെയും ബന്ധുക്കളുടെ സംരക്ഷണത്തിലേക്ക് മാറ്റിയതായി ഗ്വാട്ടിമാല പ്രോസിക്യൂഷൻ അറിയിച്ചു. 

കഴിഞ്ഞ ആഴ്ച മുതല്‍ ദമ്പതികളെ കാണാതായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷമാണ് നിക്‌സണ്‍ പെരസ് അമേരിക്കയില്‍ നിന്ന് ഗ്വാട്ടിമാലയിലേക്ക് നാടുകടത്തപ്പെട്ടത്. 

അക്രമവും ദാരിദ്ര്യവും കാരണം രാജ്യം വിട്ട് അമേരിക്കയിലെത്തിയിരുന്ന പെരസ് പിന്നീട് കുടിയേറ്റ നിയമ നടപടികളുടെ ഭാഗമായി തിരിച്ചയക്കപ്പെടുകയായിരുന്നു.

 ഭർത്താവിനൊപ്പം ജീവിക്കാൻ വേണ്ടി, അമേരിക്കയിലെ അഭയാർഥി കേസിന്റെ വിചാരണ 2027-ലേക്ക് നിശ്ചയിച്ചിരുന്നിട്ടും, ഭാര്യ ഗ്ലെൻഡി അടുത്തിടെയാണ് സ്വമേധയാ ഗ്വാട്ടിമാലയിലേക്ക് മടങ്ങിയത്.

ഇരുവരുടെയും മരണത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നില്‍ സംഘടിത കുറ്റകൃത്യ സംഘങ്ങള്‍ക്ക് ബന്ധമുണ്ടോയെന്ന സാധ്യതയും പൊലീസ് പരിശോധിച്ചു വരികയാണ്. കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് കൊലപാതകങ്ങള്‍ വർധിച്ച സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കുമെന്ന് ഗ്വാട്ടിമാല സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ