ആഗോള വിപണിയില്‍ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വൻ നേട്ടം. 2026 സെപ്റ്റംബറിന് ശേഷവും ഇന്ത്യയില്‍ നിന്നുള്ള മാംസ, മത്സ്യബന്ധന ഉല്‍പ്പന്നങ്ങള്‍ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് തുടരാനുള്ള അനുമതി ഇന്ത്യക്ക് ലഭിച്ചതായി കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ മത്സ്യബന്ധന ഉല്‍പ്പന്നങ്ങള്‍, മുട്ട, തേൻ, മൃഗങ്ങളുടെ ഇറച്ചി എന്നിവ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് തുടരാം.
നേരത്തെ ആന്റിമൈക്രോബിയല്‍ റെസിസ്റ്റൻസ് അഥവാ ആൻറിബയോട്ടിക്കുകള്‍ക്കെതിരെയുള്ള പ്രതിരോധ ശേഷി വർദ്ധിക്കുന്നതിലെ ആശങ്കകള്‍ കണക്കിലെടുത്താണ് യൂറോപ്യൻ യൂണിയൻ തങ്ങളുടെ നിയമങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നത്.
2026 സെപ്റ്റംബർ മുതല്‍ പുതിയ നിയമം
2021ല്‍ ഇറക്കിയ റെഗുലേഷൻ (EU) 2021/405 ലാണ് പുതിയ ഭേദഗതികള്‍ വരുത്തിയിരിക്കുന്നത്. 2026 സെപ്റ്റംബർ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ പരിഷ്കരിച്ച നിയമ പ്രകാരം യൂറോപ്പിലേക്ക് നിർദ്ദിഷ്ട മൃഗജന്യ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ കർശനമായ നിബന്ധനകള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ കർശനമായ മാനദണ്ഡങ്ങള്‍ പാലിക്കാൻ യോഗ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇപ്പോള്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മത്സ്യമേഖലയ്ക്ക് വൻ ആശ്വാസം
അംഗീകൃത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിച്ചതോടെ 2026 സെപ്റ്റംബറിന് ശേഷവും യൂറോപ്യൻ വിപണിയിലേക്കുള്ള കയറ്റുമതി തടസമില്ലാതെ തുടരാൻ സാധിക്കും.
ഇത് പ്രത്യേകിച്ച് ഇന്ത്യയുടെ മത്സ്യബന്ധന മേഖലയ്ക്കാണ് വലിയ ഗുണം ചെയ്യുക. നിലവില്‍ ഇന്ത്യയില്‍ നിന്ന് യൂറോപ്യൻ യൂണിയനിലേക്ക് കയറ്റി അയക്കുന്ന മത്സ്യങ്ങളുടെയും മറ്റ് അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും മൂല്യം ഏകദേശം 1.59 ബില്യണ്‍ യു.എസ് ഡോളറാണ് (ഏകദേശം 13,000 കോടിയിലധികം രൂപ).
കർശന സുരക്ഷാ പരിശോധനകള്‍
യൂറോപ്യൻ യൂണിയൻ അംഗീകരിച്ച സ്ഥാപനങ്ങളുമായി ചേർന്ന് കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു.
എക്സ്പോർട്ട് ഇൻസ്പെക്ഷൻ കൗണ്‍സില്‍ (EIC), സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി (MPEDA) എന്നിവർ ചേർന്ന് സംയുക്തമായി പ്രവർത്തിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയുടെ ഔദ്യോഗിക സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കിയെന്നും യൂറോപ്യൻ യൂണിയന്റെ നിയമങ്ങള്‍ക്ക് അനുസൃതമായി കൃത്യമായ പരിശോധനകളും സർട്ടിഫിക്കേഷൻ സംവിധാനങ്ങളും എക്സ്പോർട്ട് ഇൻസ്പെക്ഷൻ കൗണ്‍സില്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
