അബുദാബി: ഏഴു വർഷമായി നാട്ടിലെത്താനാകാതെ യുഎഇയില്‍ കഴിയുകയായിരുന്ന പ്രവാസിക്ക് ഒടുവില്‍ വീടണയാൻ വഴിയൊരുക്കിയത് സോഷ്യല്‍ മീഡിയ.
ഒഡീഷ സ്വദേശിനിയായ ഹസ്‌ത മഹാനന്ദ 2019ലാണ് യുഎഇയില്‍ എത്തിയത്. തന്റെ മൂന്ന് മക്കളെ ഒറ്റയ്ക്ക് വളർത്തുന്ന ഹസ്‌തയ്ക്ക് ഗള്‍ഫിലെ ജോലിയായിരുന്നു ജീവിതത്തിലെ ഏക പ്രതീക്ഷ.
ജോലിക്കിടെ 2022ല്‍ മാത്രമാണ് ഹസ്‌ത തിരികെ നാട്ടിലെത്തിയത്. പിന്നീട് തൊഴില്‍ദാതാവ് ഹസ്‌തയെ നാട്ടില്‍ പോകാൻ അനുവദിച്ചില്ല.
കയ്യില്‍ പാസ്‌പോർട്ടില്ല, വീടുമായി ബന്ധമില്ല, പുറത്തുകടക്കാൻ വഴിയൊന്നുമില്ല. അവസാനം ഫേസ്‌ബുക്കില്‍ തന്റെ ദുരിതം പങ്കുവച്ചതാണ് ഹസ്‌തയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.
ഹസ്‌തയുടെ ഫേസ്‌ബുക്ക് വീഡിയോ യുഎഇയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ജനറല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇത് മോചനത്തിനുള്ള വഴിത്തുറക്കുകയായിരുന്നു.
ഇതിനിടെ ഹസ്‌തയുടെ വിവരമില്ലാതായതോടെ കുടുംബം അവരെ ബന്ധപ്പെടാൻ പല വഴികളും തേടി. എല്ലാ വഴികളുമടഞ്ഞപ്പോള്‍ കുടുംബം ഒഡീഷ ഹൈക്കോടതിയെ സമീപിച്ചു.
തുടർന്ന് കോടതി യുഎഇയിലെ ഇന്ത്യൻ കോണ്‍സുലേറ്റുമായി ബന്ധപ്പെടുകയും നയതന്ത്രപരമായ ഇടപെടല്‍ അഭ്യർത്ഥിക്കുകയും ചെയ്തു.
ഈ സമയത്താണ് ഹസ്‌തയുടെ ഫേസ്‌ബുക്ക് വീഡിയോ പുറത്തുവന്നത്. തുടർന്ന് ഔദ്യോഗിക സംവിധാനങ്ങളിലൂടെ ഹസ്‌തയെ കണ്ടെത്താൻ കോണ്‍സുലേറ്റ് അധികൃതർ ശ്രമിച്ചു. പാസ്‌പോർട്ട് നമ്പർ, വിസ റെക്കോഡുകള്‍, സ്‌പോണ്‍സറുടെ വിവരങ്ങള്‍ എന്നിവ കണ്ടെത്തി.
ഒടുവില്‍ ഹസ്‌തയുടെ പ്രാദേശിക സ്‌പോണ്‍സറെയും ഹസ്‌ത ജോലി ചെയ്യുകയായിരുന്ന കമ്പനിയുടെ മാനേജറെയും കണ്ടെത്താൻ സാധിച്ചു. ശ്രമങ്ങള്‍ എല്ലാം വിജയിച്ചതോടെ കഴിഞ്ഞ മേയ് 12ന് കമ്പനി മാനേജർ ഹസ്‌തയുമായി ദുബായിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിലെത്തി.
കോണ്‍സുലേറ്റ് അധികൃതർ ഹസ്‌തയുടെ വിസയും എമിറേറ്റ്‌സ് ഐഡിയും റദ്ദാക്കി. കമ്പനിയില്‍ നിന്നുള്ള ശമ്പള കുടിശ്ശികയും തീർപ്പാക്കി.
ഇന്ത്യയിലേയ്ക്ക് പറക്കാനുള്ള ടിക്കറ്റും മറ്റ് താമസ സൗകര്യങ്ങളും അധികൃതർ തന്നെ ഒരുക്കി. താമസിയാതെ പത്തിലും ഏഴിലും അഞ്ചിലും പഠിക്കുന്ന തന്റെ പെണ്‍മക്കളുടെ അരികിലേയ്ക്ക് എത്താനുള്ള ഒരുക്കത്തിലാണ് ഹസ്‌ത.
