header-ad

കാനഡയില്‍ ചികിത്സ ലഭിക്കാതെ മലയാളി യുവാവ് മരണപ്പെട്ടു; പ്രതികരിച്ച്‌ ഇലോണ്‍ മസ്‌ക്: പ്രവാസികളും ആശങ്കയില്‍


കാലിഫോര്‍ണിയ: കാനഡയില്‍ ഇന്ത്യന്‍ വംശജനായ യുവാവ് കൃത്യസമയത്ത് വൈദ്യ സഹായം ലഭിക്കാതെ മരണപ്പെട്ട സംഭവത്തില്‍ രാജ്യത്തെ ആരോഗ്യ സംവിധാനത്തിനെതിരേയുള്ള വിമര്‍ശനം ശക്തമാകുന്നു.

എഡ്മണ്‍ടണിലുള്ള ഗ്രേ നണ്‍സ് കമ്മ്യൂണിറ്റി ആശുപത്രിയില്‍ ഡിസംബര്‍ 22-ന് കടുത്ത നെഞ്ചു വേദനയുമായി ആശുപത്രിയിലെത്തിയ 44 കാരനായ പ്രശാന്ത് ശ്രീകുമാറാണ് എട്ട് മണിക്കൂറിലധികം നീണ്ട കാത്തിരിപ്പിനു ശേഷം ചികിത്സ ലഭിക്കാതെ കുഴഞ്ഞു വീണ് മരിച്ചത്.

 കാനഡയില്‍ രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നതിലെ കാലതാമസത്തിനെതിരേ നേരത്തെ മുതല്‍ വലിയ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

 ആശുപത്രി അധികൃതരുടെ അനാസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഇരയായിരിക്കുകയാണ് പ്രശാന്ത് ശ്രീകുമാര്‍.ഇന്ത്യന്‍ യുവാവിന്റെ ദാരുണ മരണം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. 

കാനഡയിലെ ആരോഗ്യരംഗത്തെ ഗുരുതരമായ വീഴ്ചകളെ തുറന്നുകാട്ടുന്ന ഈ സംഭവത്തില്‍ അമേരിക്കന്‍ ശത കോടീശ്വരനും ടെക് സംരംഭകനുമായ ഇലോണ്‍ മസ്‌ക്കും പ്രതികരിച്ചതോടെ കാനഡയ്‌ക്കെതിരേ വിമര്‍ശനങ്ങള്‍ ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ്. 

സര്‍ക്കാര്‍ നടത്തുന്ന ആരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മയെ പരിഹസിച്ചുകൊണ്ടാണ് മസ്‌ക് രംഗത്തെത്തിയത്. 

സര്‍ക്കാര്‍ നല്‍കുന്ന വൈദ്യ സഹായം അമേരിക്കയിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനം പോലെ മന്ദഗതിയിലുള്ളതാണെന്ന് മസ്‌ക് തന്റെ എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. 

അമേരിക്കയില്‍ കാര്യക്ഷമതയില്ലായ്മയ്ക്ക് പലപ്പോഴും വിമര്‍ശിക്കപ്പെടുന്ന വകുപ്പാണിത്. ശ്രീകുമാറിന്റെ ഭാര്യ തന്റെ ഭര്‍ത്താവിന് നേരിടേണ്ടി വന്ന ക്രൂരമായ അവഗണനയെക്കുറിച്ച്‌ സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു മസ്‌കിന്റെ ഈ രൂക്ഷ വിമര്‍ശനം. 

പൗരന്മാരില്‍ നിന്ന് ഉയര്‍ന്ന നികുതി ഈടാക്കുന്ന കാനഡയില്‍ അടിയന്തര ഘട്ടങ്ങളില്‍ ചികിത്സ ലഭിക്കാത്ത സാഹചര്യം വലിയ പ്രതിഷേധത്തിന് വഴിതെളിച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ പോസ്റ്റിനെ അനുകൂലിച്ച്‌ പ്രതികരിക്കുന്നത്.

ഭര്‍ത്താവിന്റെ മരണ ശേഷം പോലും ആശുപത്രി ജീവനക്കാര്‍ തങ്ങളെ ക്രൂരമായി അവഗണിച്ചതായും യാതൊരു അനുകമ്പയും ഇല്ലാതെ പെരുമാറുകയും ചെയ്തതായി ഭാര്യ നിഹാരിക ശ്രീകുമാര്‍ ആരോപിക്കുന്നു. 

ഉച്ചയ്ക്ക് 12.15-ന് ആശുപത്രിയിലെത്തിയ പ്രശാന്തിന് രാത്രി 8.50 വരെ ട്രയേജ് ഏരിയയില്‍ കാത്തിരിക്കേണ്ടി വന്നുവെന്ന് കുടുംബം ആരോപിക്കുന്നു. രക്ത സമ്മര്‍ദം 210 വരെ ഉയര്‍ന്നിട്ടും വേദനസംഹാരി മാത്രമാണ് നല്‍കിയത്. 

മരണ ശേഷം പ്രതികരിച്ച തങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ നിയന്ത്രിക്കാനാണ് ശ്രമിച്ചതെന്നും പ്രശാന്തിന്റെ ഭാര്യ കുറ്റപ്പെടുത്തി. നെഞ്ചുവേദന അടിയന്തര സാഹചര്യമല്ലെന്ന ആശുപത്രി അധികൃതരുടെ നിലപാടാണ് മരണത്തിന് കാരണമായതെന്ന് കുടുംബം കുറ്റപ്പെടുത്തുന്നു.

 ഈ സംഭവം കാനഡയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളി പ്രവാസികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. നിരവധി മലയാളി യൂട്യൂബര്‍മാര്‍ ഈ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. 

കാനഡയിലെ ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന മലയാളികളായ നഴ്‌സുമാരും ഡോക്ടര്‍മാരും വര്‍ഷങ്ങളായി ചൂണ്ടിക്കാണിക്കുന്ന പരിമിതികള്‍ ഈ ഘട്ടത്തില്‍ ചര്‍ച്ചയാവുകയാണ്. ജീവനക്കാരുടെ ക്ഷാമവും രോഗികളുടെ ബാഹുല്യവുമാണ് ഇത്തരം വീഴ്ചകള്‍ക്ക് കാരണമെന്ന് പ്രവാസികള്‍ പറയുന്നു. 

മികച്ച ജീവിതം തേടി കാനഡയിലെത്തിയ പ്രശാന്തിനെപ്പോലെയുള്ളവര്‍ക്ക് ചികിത്സ പോലും ലഭിക്കാത്ത സാഹചര്യം കനേഡിയന്‍ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടിട്ടുണ്ട്. കനേഡിയന്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കനേഡിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

മൂന്ന്, പത്ത്, പതിനാല് വയസ് പ്രായമുള്ള മൂന്ന് മക്കളുടെ പിതാവായ പ്രശാന്തിന്റെ മരണം കാനഡയിലെ പൊതുജനാരോഗ്യ സംവിധാനത്തിലെ പോരായ്മകളെക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ടു.

 ഈ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ