വ്യാജ സന്ദേശങ്ങള്‍ സൂക്ഷിക്കുക; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ദുബായ് 'പാര്‍ക്കിൻ'


ദുബായ്: കമ്പനിയുടെ പേരില്‍ വരുന്ന വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് ദുബായിലെ പാർക്കിംഗ് നിയന്ത്രണ സ്ഥാപനമായ 'പാർക്കിൻ' (Parkin) ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

തങ്ങളുടെ ഔദ്യോഗിക എക്സ് (X) അക്കൗണ്ട് വഴിയാണ് കമ്പനി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഔദ്യോഗിക സന്ദേശങ്ങള്‍ 7275 എന്ന നമ്പറില്‍ നിന്ന് മാത്രമേ അയക്കുകയുള്ളൂവെന്നും പാർക്കിംഗ് സേവനങ്ങള്‍ക്കായി എപ്പോഴും ഒഫീഷ്യല്‍ ആപ്പോ വെബ്സൈറ്റോ മാത്രം ഉപയോഗിക്കണമെന്നും കമ്പനി വ്യക്തമാക്കി. 

സ്ഥിരീകരിക്കാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങള്‍ കൈമാറുകയോ ചെയ്യരുതെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.

നിലവില്‍ ദുബായിലുടനീളം ഏകദേശം 2,07,000 പെയ്ഡ് പാർക്കിംഗ് സ്ഥലങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത് പാർക്കിൻ ആണ്. 

നഗരത്തിലെ പാർക്കിംഗ് സംവിധാനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സ്പിന്നീസ്, വെയ്‌റ്റ്‌റോസ് തുടങ്ങിയ പ്രമുഖ സൂപ്പർ മാർക്കറ്റുകളിലെ പണമടച്ചുള്ള പാർക്കിംഗ് പ്രവർത്തനങ്ങളും ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ആഴ്ച കമ്പനി അറിയിച്ചിരുന്നു.

 2024 ജനുവരിയിലാണ് ദുബായ് എമിറേറ്റിലെ പെയ്ഡ് പാർക്കിംഗ് മേല്‍നോട്ടത്തിനായി സർക്കാർ പാർക്കിനെ തിരഞ്ഞെടുത്തത്.

മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പുമായി സഹകരിച്ച്‌ മാള്‍ ഓഫ് ദി എമിറേറ്റ്സ്, സിറ്റി സെന്റർ ദേര, സിറ്റി സെന്റർ മിർദിഫ് എന്നിവിടങ്ങളില്‍ അഞ്ച് വർഷത്തെ കരാറടിസ്ഥാനത്തില്‍ തടസ്സമില്ലാത്ത പാർക്കിംഗ് സംവിധാനം കമ്പനി നേരത്തെ അവതരിപ്പിച്ചിരുന്നു. 

കൂടാതെ, കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ നഗരത്തിലെ 59 പള്ളികളിലായി 2,100 പെയ്ഡ് പാർക്കിംഗ് സ്ഥലങ്ങളുടെ നടത്തിപ്പും പാർക്കിൻ ഏറ്റെടുത്തു കഴിഞ്ഞു. വ്യാജ സന്ദേശങ്ങള്‍ വഴിയുള്ള തട്ടിപ്പുകള്‍ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ കരുതല്‍ നടപടി.

വളരെ പുതിയ വളരെ പഴയ