ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണം; ശൈത്യകാല നിർജ്ജലീകരണത്തിനെതിരെ സൗദി ആരോഗ്യ മന്ത്രാലയം


ജിദ്ദ: ശൈത്യകാലത്ത് ശരീരത്തിൽ ജലാംശം കുറയുന്നതിനെതിരെ (Dehydration) കർശന മുന്നറിയിപ്പുമായി സൗദി ആരോഗ്യ മന്ത്രാലയം. 

തണുപ്പുള്ള കാലാവസ്ഥയിൽ ദാഹം അനുഭവപ്പെടുന്നത് കുറവായതിനാൽ, പലരും വെള്ളം കുടിക്കാൻ മറന്നു പോകുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ 'ലൈവ് ഹെൽത്തി' പ്ലാറ്റ്‌ഫോമിലൂടെയാണ് ബോധവൽക്കരണം നടത്തിയത്.

നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ:

വെള്ളം കുടിക്കുന്നത് കുറയുന്നത് താഴെ പറയുന്ന ബുദ്ധിമുട്ടുകൾക്ക് കാരണമാകും:

 • അമിതമായ ക്ഷീണവും തലവേദനയും.

• ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്.

 • വായ വരണ്ടുപോകുക.

 • മൂത്രമൊഴിക്കുമ്പോൾ വേദന, മൂത്രത്തിന് കടുത്ത നിറവ്യത്യാസം അല്ലെങ്കിൽ ദുർഗന്ധം.

ആരോഗ്യകരമായ ശീലങ്ങൾ വളർത്താം:

ശരീരത്തിന്റെ ആരോഗ്യവും സന്തുലിതാവസ്ഥയും നിലനിർത്താൻ മന്ത്രാലയം ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു:

 • എപ്പോഴും ഒരു വാട്ടർ ബോട്ടിൽ കൈവശം കരുതുക.

 • മധുരപാനീയങ്ങൾക്കും ജ്യൂസുകൾക്കും പകരം ശുദ്ധജലം തിരഞ്ഞെടുക്കുക.

 • ഭക്ഷണത്തിന് മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക.

 • വെള്ളത്തിൽ ചെറുനാരങ്ങ ചേർത്ത് കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം നൽകും.

ദാഹിക്കുന്നത് വരെ കാത്തിരിക്കാതെ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിച്ച് ശരീരം സുരക്ഷിതമാക്കണമെന്ന് ആരോഗ്യ മന്ത്രാലയം പ്രവാസികളടക്കമുള്ള പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ