ലൈക്ക് നേടാൻ റോഡില്‍ അഭ്യാസ പ്രകടനം; ഡ്രൈവിംഗിനിടെ ലൈവ് സ്ട്രീമിംഗ് നടത്തിയ യുവാവിനെ അറസ്റ്റു ചെയ്ത് അബുദാബി പൊലീസ്


അബുദാബി: വാഹനമോടിക്കുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ ലൈവ് സ്ട്രീമിംഗ് നടത്തിയ ഡ്രൈവറെ അബുദാബി പൊലിസ് അറസ്റ്റ് ചെയ്തു.

പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചതിനാണ് നടപടി. മോണിറ്ററിംഗ് ആൻഡ് കണ്‍ട്രോള്‍ സെന്ററുമായി ഏകോപിപ്പിച്ചാണ് പൊലിസ് പ്രതിയെ കുടുക്കിയത്.

അബുദാബി പൊലിസ് പുറത്തുവിട്ട വീഡിയോയില്‍ ഡ്രൈവർ നടത്തിയ ഗുരുതരമായ നിയമ ലംഘനങ്ങള്‍ കാണാം. 

വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ലൈവ് സ്ട്രീമിംഗ് നടത്തിയ ഇയാള്‍, അതിവേഗ ട്രാക്കിലൂടെ മിന്നുന്ന ലൈറ്റുകള്‍ (Flashing Lights) ഉപയോഗിച്ച്‌ മറ്റ് വാഹനങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്തു. 

കൂടാതെ, ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഹാർഡ് ഷോള്‍ഡറിലൂടെ (Hard Shoulder) അപകടകരമായ രീതിയില്‍ മറ്റ് വാഹനങ്ങളെ മറികടന്നതും ദൃശ്യങ്ങളില്‍ കാണാം.

സോഷ്യല്‍ മീഡിയയിലെ 'മരണക്കളി'; മാരകമായ ചാലഞ്ചുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലിസ്

റോഡുകള്‍ സോഷ്യല്‍ മീഡിയ പ്രദർശനത്തിനുള്ള ഇടമല്ലെന്ന് പൊലിസ് കർശന മുന്നറിയിപ്പ് നല്‍കി. 

ഡ്രൈവിംഗിനിടെയുള്ള ഇത്തരം പ്രവൃത്തികള്‍ ഡ്രൈവർക്കും മറ്റ് യാത്രക്കാർക്കും ഒരു പോലെ ജീവന് ഭീഷണിയാണ്. മറ്റു യാത്രക്കാരുടെ ശ്രദ്ധ തിരിക്കുന്നത് മാരകമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് പൊലീസ് ഓർമ്മിപ്പിച്ചു.

വാഹനമോടിക്കുമ്പോള്‍ ഫോണും സോഷ്യല്‍ മീഡിയയും ഉപയോഗിക്കുന്നത് ഗുരുതരമായ നിയമ ലംഘനമാണ്. 

ഇത്തരം പെരുമാറ്റങ്ങള്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നും കുറ്റവാളികള്‍ക്കെതിരെ കർശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റും സുരക്ഷാ പട്രോളും വ്യക്തമാക്കി.

അറബ് ലോകത്തെ 'നോബല്‍': ഗ്രേറ്റ് അറബ് മൈന്‍ഡ്‌സ് പുരസ്‌കാരങ്ങള്‍ ദുബായ് ഭരണാധികാരി സമ്മാനിച്ചു

ഓരോ ഡ്രൈവറും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും റോഡിലെ ജീവനുകള്‍ സംരക്ഷിക്കാൻ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അബുദാബി പോലീസ് അഭ്യർത്ഥിച്ചു.

വളരെ പുതിയ വളരെ പഴയ