യുഎഇയില്‍ നാളെ 'ഐക്യദാര്‍ഢ്യ ദിനം'; ദേശീയ പതാകയ്ക്ക് പിന്നില്‍ അണിനിരക്കാൻ ആഹ്വാനം ചെയ്ത് ശൈഖ് ഹംദാൻ


ദുബായ്: രാജ്യം കൈവരിച്ച നേട്ടങ്ങളും ജനങ്ങളുടെ അചഞ്ചലമായ ഐക്യവും സ്മരിച്ചു കൊണ്ട് ജനുവരി 17 ശനിയാഴ്ച 'ഐക്യദാർഢ്യ ദിനം' ആചരിക്കാൻ ആഹ്വാനം ചെയ്ത് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം.

രാജ്യത്തിന്റെ കരുത്തും പ്രതിരോധശേഷിയും വിളിച്ചോതുന്ന ഈ ദിനത്തില്‍, നാളെ രാവിലെ 11 മണിക്ക് ദേശീയ മാധ്യമങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്ന ദേശീയ ഗാനത്തിനൊപ്പം പങ്കുചേരാൻ അദ്ദേഹം എല്ലാവരെയും ക്ഷണിച്ചു.

യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും കൂടിയായ ശൈഖ് ഹംദാൻ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് (X) സന്ദേശം പങ്കുവെച്ചത്. 

രാജ്യത്തിന്റെ പതാകയ്ക്ക് പിന്നില്‍ അണിനിരന്ന് നേട്ടങ്ങള്‍ സംരക്ഷിക്കാനും ആഗോളതലത്തില്‍ യുഎഇയുടെ സ്ഥാനം ഉയർത്താനുമുള്ള പ്രതിജ്ഞ പുതുക്കാനുള്ള അവസരമാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

യുഎഇയുടെ ശക്തിയുടെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകമാണ് ജനുവരി 17 എന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 

2022 ജനുവരി 17-ന് അബുദാബിയിലെ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഹൂത്തി ആക്രമണത്തെ രാജ്യം ഒറ്റക്കെട്ടായി പ്രതിരോധിച്ചതിന്റെ ഓർമ്മ പുതുക്കല്‍ കൂടിയാണിത്.

അന്ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും മുസഫയിലുമുണ്ടായ ആക്രമണത്തില്‍ മൂന്ന് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

 ആ പ്രതിസന്ധി ഘട്ടത്തില്‍ യുഎഇ പൗരന്മാരും പ്രവാസികളും പ്രകടിപ്പിച്ച ഐക്യത്തെ ആദരിക്കുന്നതിനാണ് ഈ ദിനം ഐക്യദാർഢ്യ ദിനമായി ആചരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലെ 'മരണക്കളി'; മാരകമായ ചാലഞ്ചുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലിസ്

നാളെ രാവിലെ 11 മണിക്ക് റേഡിയോ, ടെലിവിഷൻ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളിലൂടെ ദേശീയഗാനം പ്രക്ഷേപണം ചെയ്യും. ഈ സമയം രാജ്യത്തോടുള്ള സ്നേഹവും ഐക്യവും പ്രകടിപ്പിച്ചു കൊണ്ട് ഐക്യദാർഢ്യത്തില്‍ പങ്കുചേരാൻ എല്ലാവരോടും അധികൃതർ അഭ്യർത്ഥിച്ചു.

വളരെ പുതിയ വളരെ പഴയ