കുവൈത്തില്‍ അനധികൃതമായി കുട്ടികളുടെ ഭക്ഷ്യ വസ്തു ഉൽപ്പാദനം; ജ്ലീബ് അല്‍-ഷുയൂഖില്‍ 12 പേര്‍ പിടിയില്‍


കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃതമായി കുട്ടികളുടെ ഭക്ഷ്യ വസ്തുക്കള്‍ നിർമ്മിക്കുകയും വിപണനം നടത്താനായി സംഭരിക്കുകയും ചെയ്‌തെന്ന കേസില്‍ 12 പേരെ അറസ്റ്റ് ചെയ്തു.

അല്‍-ഷുയൂഖ് പ്രദേശത്തെ ഒരു താമസവീട്ടിനുള്ളില്‍ നിന്നുമാണ് അനധികൃതമായി ഭക്ഷ്യവസ്തുക്കളുടെ നിർമാണം കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷാ മന്ത്രാലയത്തിന്റെ കീഴിലുള്ള പരിശോധനയിലാണ് നടപടി.

അനുമതികളില്ലാതെയും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നത്. ഫാക്ടറിയില്‍ ഭക്ഷ്യവസ്തുക്കള്‍ നിർമ്മിച്ച്‌ പാക്ക് ചെയ്ത് രാജ്യത്തെ സഹകരണ സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യാനായിരുന്നു ശ്രമം. അറസ്റ്റിലായവരില്‍ അറബ്, ഏഷ്യൻ പൗരന്മാരാണുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.

ഭക്ഷ്യ വസ്തുക്കള്‍ നിർമിച്ചിരുന്ന സ്ഥലം പൂർണമായും വൃത്തിഹീനമാണെന്നും അടിസ്ഥാന ആരോഗ്യ മാനദണ്ഡങ്ങള്‍ പോലും പാലിച്ചിരുന്നില്ലെന്നും അധികൃതർ അറിയിച്ചു. 

നിലവില്‍ പൊതുജനാരോഗ്യം കണക്കിലെടുത്ത് മേല്പറഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ വിപണിയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് വാണിജ്യ മന്ത്രാലയം, ഭക്ഷ്യ-പോഷകാഹാര അതോറിറ്റി, മുനിസിപ്പാലിറ്റി, മാൻപവർ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്ന് നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 ഭാവിയില്‍ ഇത്തരം പ്രവണതകള്‍ക്ക് എതിരെ കർശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ