ജിദ്ദ: ഇറാനിലെ ആഭ്യന്തര പ്രക്ഷുബ്ധതയെത്തുടർന്ന് വ്യോമാതിർത്തി അടച്ചിട്ടത് ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകളെ സാരമായി ബാധിച്ചു. ഏകദേശം അഞ്ച് മണിക്കൂറോളമാണ് ഇറാൻ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു.
സുരക്ഷാ കാരണങ്ങളാൽ വിമാനങ്ങൾ ബദൽ റൂട്ടുകളിലൂടെയാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ഇത് യാത്രാസമയത്തിൽ വലിയ വർദ്ധനവിന് കാരണമാകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അപ്രതീക്ഷിത തടസ്സങ്ങളിൽ ഖേദിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
തടസ്സം നേരിട്ട യാത്രക്കാർക്ക് റീബുക്കിംഗ് സൗകര്യമോ റീഫണ്ടോ ലഭ്യമാക്കുമെന്ന് ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി ഫ്ലൈറ്റ് സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കണമെന്ന് എല്ലാ വിമാനക്കമ്പനികളും യാത്രക്കാരോട് അഭ്യർത്ഥിച്ചു. നിലവിൽ വ്യോമാതിർത്തി ഭാഗികമായി തുറന്നതായും വിമാനങ്ങൾ പുനരാരംഭിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ തുടരാൻ സാധ്യതയുണ്ട്.
