കുവൈത്ത് സിറ്റി: നിയമ വിരുദ്ധ പ്രവർത്തനങ്ങള്‍ക്കെതിരെ കുവൈത്ത് പൊലീസ് നടത്തി വരുന്ന കർശനമായ സുരക്ഷാ പരിശോധനയുടെ ഭാഗമായാണ് ഈ നടപടി.
കബ്ദിലെ ഒരു വിശ്രമ കേന്ദ്രത്തിനുള്ളിലാണ് രഹസ്യമായി മദ്യ നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കൃത്യമായ വിവരങ്ങളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് പൊലീസ് ഈ പ്രദേശം വളഞ്ഞത്.
വില്‍പ്പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന വൻതോതിലുള്ള മദ്യക്കുപ്പികള്‍, മദ്യം നിറയ്ക്കാനുള്ള കാലിക്കുപ്പികള്‍, ലേബലുകള്‍, ഫില്ലിംഗ് മെഷീനുകള്‍, മദ്യ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വിദേശ നിർമ്മിത യന്ത്രങ്ങളും മറ്റ് ആധുനിക ഉപകരണങ്ങളും പിടിച്ചെടുത്തു.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ബ്രാൻഡഡ് മദ്യമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ലേബലുകള്‍ പതിച്ച് പ്രാദേശികമായി നിർമ്മിച്ച മദ്യം വില്‍ക്കാനായിരുന്നു ഇവരുടെ നീക്കം. ഒറിജിനല്‍ കുപ്പികളോട് സാമ്യമുള്ള വിധത്തിലാണ് ഇവ തയ്യാറാക്കിയിരുന്നത്.
ഫാക്ടറിയുടെ ചുമതലയുള്ളവരെ പൊലീസ് സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു. ഇവരെയും പിടിച്ചെടുത്ത സാധനങ്ങളും കൂടുതല്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
