ദുബായ്: ദുബായിൽ ബൈക്ക് അപകടത്തിൽപെട്ട് ഗുരുതരമായി പരുക്കേറ്റ ഇന്ത്യൻ യുവാവ് ചികിത്സാ ചിലവ് കണ്ടെത്താനാകാതെ പ്രതിസന്ധിയിൽ.
ദുബായ് സിലിക്കൺ ഒയാസിസിന് സമീപം ഇ311 (E311) റോഡിലുണ്ടായ അപകടത്തിൽ പരിക്കേറ്റ അവിനാഷ് സെക്വീര (36) ആണ് 4,00,000 ദിർഹത്തോളം (ഏകദേശം ഒരു കോടി രൂപയ്ക്ക് അടുത്ത്) വരുന്ന ആശുപത്രി ബില്ല് എങ്ങനെയടക്കുമെന്ന ആശങ്കയിലുള്ളത്.
കഴിഞ്ഞ ഞായറാഴ്ച (ജനുവരി 18) പുലച്ചെയായിരുന്നു അവിനാഷ് അപകടത്തിൽപെട്ടത്. സുഹൃത്തുക്കൾക്കൊപ്പം ഹത്തയിലേക്ക് ബൈക്ക് റൈഡിന് പോയതായിരുന്നു അവിനാഷ്. സ്വന്തം ബൈക്ക് വർക്ക് ഷോപ്പിൽ കൊടുത്തിരുന്നതിനാല് സുഹൃത്തിന്റെ ബൈക്ക് വാങ്ങിയാണ് ഇയാൾ യാത്ര തിരിച്ചത്.
തിരികെ വരുന്ന വഴി ലിവാന് സമീപമുള്ള വളവില് വെച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
50 കിലോ മീറ്ററിൽ താഴെയായിരുന്നു വേഗതയെങ്കിലും ബൈക്കിന്റെ ഭാരം കാരണം നിയന്ത്രിക്കാനായില്ലെന്നും കാലിലേക്ക് ബൈക്ക് മറിഞ്ഞു വീഴുകയായിരുന്നുവെന്നും അവിനാഷ് പറഞ്ഞു. രണ്ടു കാലുകൾക്കും ഇടുപ്പിനും ഗുരുതരമായ ഒടിവുകൾ സംഭവിച്ചിട്ടുണ്ട്.
അഞ്ച് മണിക്കൂർ നീണ്ട രണ്ട് പ്രധാന ശസ്ത്രക്രിയകൾ ഇതിനോടകം പൂർത്തിയായി. വലതുകാലിലും ഇടുപ്പിലും സ്റ്റീൽ റോഡുകൾ നിക്ഷേപിച്ചിട്ടുണ്ട്.
ഇനിയും രണ്ട് ശസ്ത്രക്രിയകൾ കൂടി വേണമെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് മാസങ്ങളോളം നീളുന്ന ഫിസിയോതെറാപ്പിക്ക് ശേഷമേ നടക്കാൻ സാധിക്കൂ.
ഇൻഷുറൻസ് ഇല്ലാത്തത് തിരിച്ചടിയായി
ഫ്രീലാൻസ് ഇവന്റ് മാനേജ്മെന്റ് പ്രൊഫഷണലായി ജോലി ചെയ്യുന്ന അവിനാഷിന് മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തതാണ് കുടുംബത്തെ തളർത്തുന്നത്. അവിനാഷിന്റെ ഐഫോണിൽ നിന്നുള്ള ഓട്ടോമാറ്റിക് എസ്.ഒ.എസ് അലേർട്ട് വഴിയാണ് അപകട വിവരം കുടുംബം അറിഞ്ഞത്.
മകന്റെ ചികിത്സാ ചിലവ് കണ്ടെത്താന് മറ്റ് വഴികളൊന്നുമില്ലെന്ന് പിതാവ് സുനിൽ സെക്വീര പറഞ്ഞു. നിലവിൽ ദുബായിലെ ഫഖീഹ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ് അവിനാഷ്.
