അബുദാബി ബിഗ് ടിക്കറ്റില്‍ 62 കോടിയുടെ സമ്മാനം നേടിയ പ്രവാസിയായ ശരവണന്റെ തീരുമാനം: അതിശയവും അഭിമാനവും പ്രകടമാക്കി പ്രവാസ ലോകം


അബുദാബി: സാധാരണക്കാരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതാണ് അബുദാബി ബിഗ് ടിക്കറ്റ്. പ്രത്യേകിച്ച്‌ വർഷങ്ങളോളം യുഎഇയില്‍ കഷ്‌ടപ്പെടുന്ന പ്രവാസികള്‍ക്ക് ബിഗ് ടിക്കറ്റ് വിജയിയാകുക എന്നത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ ദിനം കൂടിയാണ്.

നിരവധി ഇന്ത്യക്കാർ അബുദാബി ബിഗ് ടിക്കറ്റില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്‌തനായിരിക്കുകയാണ് ഇന്ത്യക്കാരനായ ശരവണൻ വെങ്കിടാചലം.

25 മില്യണ്‍ ദിർഹം അതായത് ഏകദേശം 62 കോടി രൂപയാണ് പ്രവാസിയായ ശരവണന് സമ്മാനമായി ലഭിച്ചത്. കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്പാണ് ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് സീരീസ് 280ന്റെ വിജയിയായി പ്രഖ്യാപിച്ചത്. 

തമിഴ്നാട് ചെന്നൈ സ്വദേശിയും ഇലക്‌ട്രിക്കല്‍ എഞ്ചിനീയറുമായ ശരവണൻ കഴിഞ്ഞ ആറ് വർഷമായി അബുദാബിയിലാണ് താമസിക്കുന്നത്. 

463221 നമ്പർ ടിക്കറ്റാണ് അദ്ദേഹത്തിന് ഭാഗ്യം കൊണ്ടു വന്നത്. ഒറ്റയ്‌ക്കെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെങ്കിലും സമ്മാനത്തുക തന്റെ 25 സുഹൃത്തുക്കളുമായി പങ്കിട്ടെടുക്കാനാണ് താൻ തീരുമാനിച്ചിരിക്കുന്നതെന്ന് ശരവണൻ പറഞ്ഞു.

സമ്മാനത്തുക ലഭിച്ച്‌ കുറച്ച്‌ മാസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ഈ തീരുമാനമെടുത്തത്. സമ്മാനത്തുകയുടെ ഒരു വിഹിതം കുട്ടിയുടെ വിദ്യാഭ്യാസത്തിനായി നീക്കിവച്ചിട്ടുണ്ട്. 

ഭാവിയിലെ ആവശ്യങ്ങള്‍ക്കും കുറച്ച്‌ തുക മാറ്റിവച്ചിട്ടുണ്ട്. ബിഗ് ടിക്കറ്റില്‍ വിജയിയായത് അഭിമാന നിമിഷമാണെന്നും മുഴുവൻ പ്രക്രിയയും സുതാര്യവുമായിരുന്നുവെന്നും ശരവണൻ പറഞ്ഞു. ഇനിയും എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കുമെന്നും മറ്റുള്ളവരെ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുമെന്നും ശരവണൻ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ