ദോഹ: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് വിമാന സർവീസുകളിലുണ്ടായ തടസ്സം കണക്കിലെടുത്ത്, യാത്രക്കാർക്കായി ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്.
വിമാനങ്ങള്‍ മാറ്റിവെക്കുകയോ വൈകുകയോ റദ്ദാക്കുകയോ ചെയ്തത് മൂലം യാത്ര തടസ്സപ്പെട്ടവർക്ക് സൗകര്യപ്രദമായ റീബുക്കിംഗ് അവസരം ഖത്തർ എയർവേയ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഖത്തർ എയർവേയ്‌സിന്റെ ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് സർവീസുകളുടെ ലഭ്യതയ്ക്കും നിരക്ക് വ്യവസ്ഥകള്‍ക്കും വിധേയമായി, യാത്രാ തീയതി മാറ്റുന്നതിനുള്ള ഫീസ് ഇല്ലാതെ സൗജന്യമായി തീയതി മാറ്റാം.
ഇതോടെ, 2026 ഫെബ്രുവരി 28-നും ജൂണ്‍ 15-നും ഇടയില്‍ യാത്ര നിശ്ചയിച്ചിരുന്നവർക്ക് തങ്ങളുടെ ടിക്കറ്റുകള്‍ അധിക ചിലവുകളില്ലാതെ ഒക്ടോബർ 31 വരെ റീബുക്കിംഗ് ചെയ്യാൻ സാധിക്കും. യാത്രകള്‍ മാറ്റിവെക്കേണ്ടി വന്നവർക്ക് വലിയ ആശ്വാസമാണ് ഈ തീരുമാനം.
ഖത്തർ എയർവേയ്‌സ് നേരിട്ട് നടത്തുന്ന സർവീസുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ടിക്കറ്റിലെ തീയതി മാറ്റാൻ സർവീസ് ചാർജുകള്‍ ഈടാക്കില്ലെങ്കിലും, പുതിയ തീയതിയിലെ ടിക്കറ്റ് നിരക്കിലെ മാറ്റങ്ങള്‍ക്കും സീറ്റുകളുടെ ലഭ്യതയ്ക്കും അനുസരിച്ചായിരിക്കും റീബുക്കിംഗ് സാധ്യമാകുക.
യാത്രക്കാർക്ക് വെബ്സൈറ്റിലെ 'മാനേജ് ബുക്കിംഗ്' ഓപ്ഷൻ വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ഈ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. റീബുക്ക് ചെയ്ത വിമാനത്തില്‍ വീണ്ടും തടസ്സം നേരിട്ടാല്‍, 2026 ഒക്ടോബർ 31 വരെ യാത്രക്കാർക്ക് കൂടുതല്‍ ഫീസ് രഹിത മാറ്റങ്ങള്‍ക്ക് അർഹതയുണ്ടാകും.
യാത്ര റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് തുക പൂർണ്ണമായും തിരികെ നല്‍കുമെന്നും എയർലൈൻ അറിയിച്ചു.
എന്നാല്‍ അപേക്ഷകളുടെ എണ്ണം കൂടുതലായതിനാല്‍ റീഫണ്ട് തുക ലഭിക്കാൻ ഏകദേശം 28 പ്രവൃത്തി ദിവസങ്ങള്‍ വരെ എടുത്തേക്കാം. ട്രാവല്‍ ഏജൻസികള്‍ വഴി ടിക്കറ്റ് എടുത്തവർ മാറ്റങ്ങള്‍ക്കായി ബന്ധപ്പെട്ട ഏജൻസികളെത്തന്നെ സമീപിക്കേണ്ടതാണ്.

